തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണു (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ആന വാലുകൊണ്ട് വിഷ്ണുവിനെ അടിച്ചുവീഴ്ത്തുകയും തുടർന്ന് കാലുകൊണ്ട് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടം നടന്ന ഉടൻ തന്നെ അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ ചേർന്ന് വിഷ്ണുവിനെ പുറത്തെടുത്ത് ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് വിഷ്ണു ആനയെ കുളിപ്പിക്കുകയായിരുന്നു. ശാന്തസ്വഭാവക്കാരനായിരുന്ന ആന പെട്ടെന്ന് പ്രകോപിതനായതിന്റെ കാരണം വ്യക്തമല്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വനംവകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



