റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനത്തെ പ്രധാന വിമാനത്താവളമായ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KKIA) ഫെബ്രുവരി 16 മുതൽ സമഗ്രമായ ടെർമിനൽ പുനർക്രമീകരണം ആരംഭിക്കുന്നു. റിയാദ് എയർപോർട്ട് കമ്പനി നടപ്പിലാക്കുന്ന വൻ നവീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ മാറ്റം. ഫെബ്രുവരി 16 മുതൽ 25 വരെ ഘട്ടംഘട്ടമായിട്ടായിരിക്കും വിമാന സർവീസുകൾ പുതിയ ടെർമിനലുകളിലേക്ക് മാറ്റുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങി 40 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റമാണിത്. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക, തിരക്ക് കുറയ്ക്കുക എന്നിവയാണ് ഈ പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ക്രമീകരണം അനുസരിച്ച്, വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ ടെർമിനൽ 5-ലേക്ക് മാറും. ടെർമിനൽ 3, 4 എന്നിവ ആഭ്യന്തര സർവീസുകൾക്കായി മാത്രമായി നീക്കിവെക്കും. സൗദിയ, റിയാദ് എയർ, ഫ്ലൈനാസ്, ഫ്ലൈഅദീൽ തുടങ്ങിയ ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ ടെർമിനൽ 1, 2 എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. അടുത്തിടെ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുത്ത ടെർമിനൽ 2 വഴി കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ ശേഷി വർദ്ധിപ്പിക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും ഈ മാറ്റം സഹായിക്കും. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് വിവരങ്ങൾ മുൻകൂട്ടി പരിശോധിച്ച് കൃത്യമായ ടെർമിനലിൽ എത്തണമെന്ന് വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു.



