റിയാദ്: സൗദി അറേബ്യയിൽ മന്ത്രിസഭയിലും ഭരണതലത്തിലും നിർണ്ണായക മാറ്റങ്ങൾ വരുത്തിക്കൊണ്ട് സൽമാൻ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി. പുതിയ നിക്ഷേപ മന്ത്രിയായി ഫഹദ് അൽ സെയ്ഫിനെ നിയമിച്ചു. നിലവിൽ നിക്ഷേപ മന്ത്രിയായിരുന്ന ഖാലിദ് അൽ ഫാലിഹിനെ സ്റ്റേറ്റ് മിനിസ്റ്ററായും കാബിനറ്റ് അംഗമായും മാറ്റി നിയമിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ നിരവധി രാജകീയ ഉത്തരവുകളുടെ ഭാഗമായാണ് മന്ത്രിസഭയിലും വിവിധ ഗവർണറേറ്റുകളിലും ജുഡീഷ്യൽ പദവികളിലും ഈ മാറ്റങ്ങൾ വരുത്തിയത്.
മറ്റൊരു പ്രധാന മാറ്റമായി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅ്ജബിനെ പദവിയിൽ നിന്ന് ഒഴിവാക്കി മന്ത്രി പദവിയോടെ റോയൽ കോർട്ട് ഉപദേശകനായി നിയമിച്ചു. ഡോ. ഖാലിദ് അൽ യൂസഫാണ് പുതിയ അറ്റോർണി ജനറൽ. ഷെയ്ഖ് അലി അൽ ഒഹൈദെബിനെ ബോർഡ് ഓഫ് ഗ്രീവൻസസ് പ്രസിഡന്റായി നിയമിച്ചു. ഭരണപരമായ മറ്റ് മാറ്റങ്ങളിൽ പ്രിൻസ് ഫവാസ് ബിൻ സുൽത്താനെ ത്വാഇഫ് ഗവർണറായും പ്രിൻസ് സൗദ് ബിൻ നഹാറിനെ മദീന റീജിയൻ ഡെപ്യൂട്ടി അമീറായും നിയമിച്ചു.
ദിരിയ ഗവർണറായി പ്രിൻസ് റാക്കാൻ ബിൻ സൽമാനെയും അൽ ബഹ റീജിയൻ ഡെപ്യൂട്ടി അമീറായി പ്രിൻസ് ഫഹദ് ബിൻ സാദിനെയും നിയമിച്ചിട്ടുണ്ട്. കൂടാതെ, ടൂറിസം ഡെപ്യൂട്ടി മന്ത്രി പദവിയിൽ നിന്ന് പ്രിൻസസ് ഹൈഫ ബിൻത് മുഹമ്മദിനെ ഒഴിവാക്കി മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റിൽ ഉപദേശകയായി നിയമിച്ചു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുന്നതിനും ഭരണസംവിധാനം കൂടുതൽ കാര്യക്ഷമ മാക്കുന്നതിനുമാണ് ഈ അഴിച്ചുപണിയെന്ന് വിലയിരുത്തപ്പെടുന്നു.



