മനാമ: ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് (IRGC) വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന സംശയത്തിൽ നാല് ബഹ്‌റൈൻ സ്വദേശികളെ അധികൃതർ പിടികൂടി. മുർതദ ഹുസൈൻ അവ്വൽ (25), അഹമ്മദ് ഈസ അൽ ഹെയ്ക്കി (34), സാറ അബ്ദുൽനബി മർഹൂൻ (36), ഏലിയാസ് സൽമാൻ മിർസ (22) എന്നിവരെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തത്. അലി മുഹമ്മദ് ഹസ്സൻ അൽ ഷൈഖ് എന്ന അഞ്ചാമത്തെ പ്രതി വിദേശത്ത് ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു. ഐആർജിസിയുടെ നിർദ്ദേശപ്രകാരം അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ബഹ്‌റൈനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും കോർഡിനേറ്റുകളും ശേഖരിച്ച് രഹസ്യ സോഫ്റ്റ്‌വെയർ വഴി കൈമാറിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റുകൾ നടന്നിരിക്കുന്നത്. മുഹറഖ് ഗവർണറേറ്റിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ തുടർന്ന് ഹിദ്ദ്, അറാദ്, ഖലാലി, സമാഹീജ് മേഖലകളിലെ താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. ഒമാനിലെ സലാല തുറമുഖത്തെ ഇന്ധന സംഭരണ ശാലകൾക്ക് നേരെയും ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റെങ്കിലും വിമാന സർവീസുകളെ അത് ബാധിച്ചില്ല. കൂടാതെ ദുബായ് ക്രീക്ക് ഹാർബറിലെ ആഡംബര കെട്ടിടത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി, ഇതിനെത്തുടർന്ന് ഉണ്ടായ തീപിടുത്തം വ്യാഴാഴ്ച രാവിലെയോടെ നിയന്ത്രണവിധേയമാക്കി.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയായി ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും അമേരിക്കൻ-ഇസ്രായേൽ താല്പര്യങ്ങളെയും ഇറാൻ ലക്ഷ്യം വെക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടസ്സപ്പെടുത്തിയത് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. യുദ്ധത്തിന്റെ ആദ്യ വാരത്തിൽ തന്നെ അമേരിക്കയ്ക്ക് 11.3 ബില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യത ഉണ്ടായതായാണ് പെന്റഗണിന്റെ കണക്കുകൾ. ഇറാൻ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയെങ്കിലും മേഖലയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്.



