19.5 C
Saudi Arabia
Friday, March 27, 2026
spot_img

ദേഷ്യം നിയന്ത്രണം വിട്ടു, സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു;

ഷാർജ: പ്രവാസലോകത്തെ നടുക്കി ഷാർജയിൽ മലയാളി യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് (34) ആണ് കൊല്ലപ്പെട്ടത്. ഏറെക്കാലമായി ഒപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകനുമായുണ്ടായ നിസ്സാരമായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. പരേതനായ അബൂബക്കറിന്റെ മകനാണ് നിഷാദ്.

ഷാർജയിലെ ഒരു കഫ്തീരിയയിൽ വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു നിഷാദും പ്രതിയും. വ്യാഴാഴ്ച വൈകുന്നേരം ജോലിസ്ഥലത്തു വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

പ്രകോപിതനായ സഹപ്രവർത്തകൻ കയ്യിലുണ്ടായിരുന്ന ആയുധമെടുത്ത് നിഷാദിനെ കുത്തുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് കരുവമ്പൊയിൽ സ്വദേശിയായ ഷമീറിനെ ഷാർജ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

മണൽക്കാട്ടിൽ അധ്വാനിച്ച് കുടുംബത്തിന്റെ തണലാകാൻ ശ്രമിച്ച യുവാവിന്റെ അപ്രതീക്ഷിത മരണം താമരശ്ശേരിയിലെ നാട്ടുകാരെയും പ്രവാസി സുഹൃത്തുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നിഷാദിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഷാർജയിൽ പുരോഗമിക്കുന്നു. നിസ്സാരമായ ദേഷ്യം എത്രത്തോളം വലിയ ദുരന്തങ്ങളിലേക്കാണ് നയിക്കുന്നത് എന്നതിന്റെ ദയനീയമായ ഓർമ്മപ്പെടുത്തലായി ഈ സംഭവം മാറി.

Related Articles

- Advertisement -spot_img

Latest Articles