31 C
Saudi Arabia
Friday, April 3, 2026
spot_img

പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അനൗൺസ്‌മെന്റിൽ വർഗീയ പരാമർശങ്ങൾ ഉൾപ്പെടുത്തിയെന്ന പരാതിയിൽ പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ഇടത് മുന്നണി കൺവീനറുമായ ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ എൽ.ഡി.എഫിന്റെ പ്രചാരണ വാഹനത്തിൽ നിന്ന് വർഗീയ ചുവയുള്ള അനൗൺസ്‌മെന്റ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ജില്ലാ നേതൃത്വവും യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇതുസംബന്ധിച്ച് പോലീസിലും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫ് ഇത്തരം പരാതികൾ ഉന്നയിക്കുന്നതെന്ന് എൽ.ഡി.എഫ് നേതൃത്വം പ്രതികരിച്ചു. മണ്ഡലത്തിൽ ശക്തമായ മത്സരം നടക്കുന്നതിനിടെയുണ്ടായ ഈ വിവാദം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles