24.2 C
Saudi Arabia
Wednesday, April 8, 2026
spot_img

“ഇത് ജനതയുടെ പോരാട്ടവീര്യത്തിന് ലഭിച്ച വിജയം”; വെടിനിർത്തൽ കരാറിനെ പ്രകീർത്തിച്ച് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിനെ ഇറാന്റെ വലിയ നയതന്ത്ര വിജയമായി ഇറാനിയൻ ഔദ്യോഗിക വൃത്തങ്ങൾ വിശേഷിപ്പിക്കുന്നു. തങ്ങൾ മുന്നോട്ടുവെച്ച പത്ത് ഇന നിബന്ധനകൾ ചർച്ചകൾക്കുള്ള അടിസ്ഥാനമായി അമേരിക്ക അംഗീകരിച്ചതും, ഒട്ടുമിക്ക തർക്കവിഷയങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയുമാണ് തങ്ങളുടെ വിജയമായി ഇറാൻ ഉയർത്തിക്കാട്ടുന്നത്. ഈ യുദ്ധം ഇറാന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി മാത്രമേ അവസാനിക്കൂ എന്ന് തങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടതായി ഇറാനിയൻ നേതാക്കൾ അവകാശപ്പെട്ടു.

ഇറാൻ ജനതയുടെ സഹിഷ്ണുതയും സായുധ സേനയുടെ ധീരതയും രാജ്യത്തിന്റെ ഐക്യവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അവർ ചൂണ്ടിക്കാട്ടി. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ പ്രമുഖ നേതാക്കളെ വധിക്കുന്നതിലൂടെ ഇറാന്റെ ഭരണസംവിധാനം തകർക്കാമെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കണക്കുകൂട്ടലുകൾ പാളിയെന്നും, ഏതറ്റം വരെയും രാജ്യത്തെ സംരക്ഷിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ടതായും ഇറാൻ വ്യക്തമാക്കി. ഇതോടെ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിലനിൽപ്പ് അപകടത്തിലാക്കാനുള്ള ശത്രുക്കളുടെ നീക്കം പരാജയപ്പെട്ടതായാണ് ഇറാൻ ഭരണകൂടം വിലയിരുത്തുന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles