ഗാസ: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥനും ഭാര്യയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടർ മുഹമ്മദ് മജീദ് അബു അൽ-ഔഫ് (47), ഭാര്യ (41), 15-ഉം 13-ഉം വയസ്സുള്ള പെൺമക്കൾ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
ഇന്ന് പുലർച്ചെ ഗാസ സിറ്റിക്ക് പടിഞ്ഞാറുള്ള ഷാതി അഭയാർത്ഥി ക്യാമ്പിലെ ഇവരുടെ വസതിക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ബോംബാക്രമണത്തെ ‘ക്രൂരമായ കൂട്ടക്കൊല’ എന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്.
പലസ്തീൻ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതിനായി ഗാസ മുനമ്പിലെ സുരക്ഷാ സംവിധാനങ്ങളെ തകർക്കാൻ ഇസ്രായേൽ നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നയീം അബു നഹൽ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ഈ ആക്രമണവും ഉണ്ടായിരിക്കുന്നത്.



