കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നുവെന്ന യു.ഡി.എഫിന്റെ പരാതിയിൽ വിശദീകരണവുമായി ജില്ലാ കലക്ടർ രംഗത്ത്. വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം കൺവെൻഷൻ സെന്ററിലെ ഇ.വി.എമ്മുകളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സുരക്ഷിതമാണെന്നും അവ തുറന്നിട്ടില്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ 11:15-ന് തുറന്നത് രണ്ടാം നിലയിലെ സീൽ ചെയ്യാത്ത ‘മെറ്റീരിയൽ റൂം’ ആണെന്നും കലക്ടർ അറിയിച്ചു.
എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി പ്രിസൈഡിങ് ഓഫീസർമാരുടെ ഡയറിയിലെ വിവരങ്ങൾ ഒത്തുനോക്കുന്നതിനാണ് റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ മെറ്റീരിയൽ റൂം തുറന്നത്. ഇ.വി.എമ്മുകളും വിവിപാറ്റുകളും കേന്ദ്ര നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഒന്നാം നിലയിലെ സ്‌ട്രോങ് റൂമിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. രേഖകൾ പരിശോധിക്കുന്ന സമയത്ത് എൽ.ഡി.എഫ് പ്രതിനിധി എ.കെ. മുഹ്സിൻ, യു.ഡി.എഫ് പ്രതിനിധി കെ. ശഹ്സാദ് എന്നിവർ സന്നിഹിതരായിരുന്നുവെന്നും പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1:50-ന് ഇവരുടെ സാന്നിധ്യത്തിൽ തന്നെ മുറി പൂട്ടിയിട്ടുണ്ടെന്നും കലക്ടർ വിശദീകരിച്ചു.
അതേസമയം, വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച മുറി തുറന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയയും കോൺഗ്രസ്-ലീഗ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. താൻ എത്തുമ്പോഴേക്കും മുറി തുറക്കാനുള്ള നടപടികൾ പൂർത്തിയായിരുന്നുവെന്നും നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നും ഫാത്തിമ തഹ്‌ലിയ ആരോപിച്ചു. ഏത് മുറി തുറന്നാലും അത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ കനത്ത അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ അറിയിപ്പോടെയും ഏജന്റുമാരുടെ സാന്നിധ്യത്തിലുമാണ് നടപടികൾ നടന്നതെന്ന് അധികൃതർ ആവർത്തിച്ചു.



