24 C
Saudi Arabia
Monday, April 20, 2026
spot_img

കേളി കുടുംബവേദി ‘ജ്വാല അവാർഡ് 2026’ നഴ്‌സിംഗ് മേഖലയ്ക്ക്; റിയാദിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്‌സിംഗ് മേഖലയിലുള്ളവരെ ആദരിക്കുന്നതിനായി കേളി കുടുംബവേദി ‘ജ്വാല അവാർഡ് 2026’ പ്രഖ്യാപിച്ചു. ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിവിധ മേഖലകളിൽ നൽകിവരുന്ന ഈ പുരസ്‌കാരം ഇത്തവണ നഴ്‌സിംഗ് മേഖലയ്ക്കാണ് സമർപ്പിക്കുന്നത്. മെയ് 15-ന് നടക്കുന്ന വിപുലമായ പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും വനിതാ സംരംഭകർക്കായി പ്രത്യേക സ്റ്റാളുകളും ഒരുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 101 അംഗങ്ങളടങ്ങിയ വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ് അധ്യക്ഷയായ യോഗത്തിൽ സെക്രട്ടറി ഷഹീബ വി.കെ. പാനൽ അവതരണം നടത്തി. വിവിധ കമ്മിറ്റികളുടെ കൺവീനറായി ദീപ രാജൻ, ചെയർപേഴ്സണായി സജീന വി.എസ്. എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ സോവിന എൻ.കെ., രജീഷ നിസാം (ജോയിന്റ് കൺവീനർമാർ), അനിത ലീലാമണി, ലക്ഷ്മി സുനിൽ (വൈസ് ചെയർപേഴ്സൺമാർ), ഗീതാ ജയരാജ് (സാമ്പത്തികം), പ്രിയ വിനോദ് (പ്രോഗ്രാം) തുടങ്ങി വിവിധ സബ് കമ്മിറ്റികൾക്കും ഭാരവാഹികളെ നിശ്ചയിച്ചു.

കായിക രംഗത്തെ മികവിന് ഖദീജ നിസ (2023), സാഹിത്യ രംഗത്ത് സബീന എം. സാലി (2024), വിദ്യാഭ്യാസ മേഖലയിൽ മീരാ റഹ്മാൻ (2025) എന്നിവർക്കായിരുന്നു മുൻ വർഷങ്ങളിൽ ജ്വാല അവാർഡ് നൽകിയിരുന്നത്. നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന നഴ്‌സിംഗ് മേഖലയെ ഈ വർഷം അവാർഡിനായി തിരഞ്ഞെടുത്തത് ഏറെ പ്രസക്തമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗങ്ങളും കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ സംബന്ധിച്ചു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം പ്രിയ വിനോദ് സ്വാഗതവും സംഘാടക സമിതി കൺവീനർ ദീപാ രാജൻ നന്ദിയും രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles