ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശനം: നിരവധിപ്പേർ പിടിയിൽ; കടുത്ത ശിക്ഷാ നടപടികളുമായി സൗദി സുരക്ഷാ സേന

മക്ക: ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കുമെതിരെ പരിശോധന ശക്തമാക്കി സൗദി സുരക്ഷാ സേന. നിയമലംഘകർക്കും അവർക്ക് സൗകര്യമൊരുക്കുന്നവർക്കും എതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലൂടെ വ്യാജ ഹജ്ജ് സർവീസുകളെക്കുറിച്ച് പരസ്യം നൽകി തട്ടിപ്പ് നടത്തിയ ആറ് ഇന്തോനേഷ്യൻ സ്വദേശികളെ മക്കയിലെ സുരക്ഷാ പട്രോളിംഗ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വ്യാജ ഹജ്ജ് പെർമിറ്റുകളും തട്ടിപ്പിനായി ഉപയോഗിച്ച ഉപകരണങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. കൂടാതെ, സോഷ്യൽ മീഡിയ വഴി വ്യാജ മക്ക എൻട്രി പെർമിറ്റുകൾ വാഗ്ദാനം ചെയ്ത ഒരു സൗദി പൗരനെയും മക്ക പോലീസ് പിടികൂടിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, മതിയായ രേഖകളില്ലാത്ത 17 പാകിസ്ഥാൻ സ്വദേശികളെ നിയമവിരുദ്ധമായി മക്കയിൽ എത്തിക്കാൻ ശ്രമിച്ച രണ്ട് സൗദി പൗരന്മാരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി ദുർഘടമായ പാതകളിലൂടെയും താഴ്വരകളിലൂടെയും ഇവരെ കടത്താനായിരുന്നു ശ്രമം. പിടികൂടിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഹജ്ജ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് സ്വദേശികളോടും താമസക്കാരോടും ആവശ്യപ്പെട്ടു. നിയമലംഘനങ്ങളെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles