“വയറ്റിൽ ചവിട്ടി, ബലം പ്രയോഗിച്ച് പുറത്താക്കി “; തോൽവി സമ്മതിക്കില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനുണ്ടായ വൻ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര സേനയ്ക്കും ബി.ജെ.പി.ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഭബാനിപൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നതിനിടെ സി.ആർ.പി.എഫ് ജവാന്മാർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ബലം പ്രയോഗിച്ച് കേന്ദ്രത്തിന് പുറത്താക്കിയെന്നുമാണ് മമതയുടെ ആരോപണം. സി.സി.ടി.വി ക്യാമറകൾ മനഃപൂർവ്വം ഓഫാക്കിയ ശേഷം സി.ആർ.പി.എഫ് ഗുണ്ടകൾ തന്റെ വയറ്റിലും പുറത്തും ചവിട്ടിയെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് മോശമായി പെരുമാറിയതെന്നും 71-കാരിയായ മമത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി 207 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും ഈ ഫലം അംഗീകരിക്കാൻ മമത തയ്യാറായിട്ടില്ല. ഏകദേശം 100 സീറ്റുകൾ ബി.ജെ.പി ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പി.യും ചേർന്ന് അട്ടിമറി നടത്തിയെന്നുമാണ് മമതയുടെ ആരോപണം. താൻ രാജ്ഭവനിലേക്ക് പോകില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും പ്രഖ്യാപിച്ച അവർ, “ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടില്ല, ഇത് ധാർമ്മിക വിജയമാണ്” എന്നും കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ‘വൃത്തികെട്ട കളി’യാണ് കളിച്ചതെന്ന് അവർ ആരോപിച്ചു. മറ്റൊരു പ്രധാന അട്ടിമറി നടന്നത് മമതയുടെ സ്വന്തം മണ്ഡലമായ ഭബാനിപൂരിലാണ്. മുൻപ് തന്റെ വിശ്വസ്തനായിരുന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്.

മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് മമത ബാനർജി ഇത്തരത്തിൽ ഒരു ജനപ്രതിനിധി പോലുമല്ലാതെ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുന്ന സാഹചര്യം നേരിടുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മമതയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ നിയമപോരാട്ടം നടത്താനാണ് തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles