ഗവർണറുടെ അന്ത്യശാസനം, വഴങ്ങാതെ മമത; ബംഗാളിൽ രാഷ്ട്രീയ നാടകം തുടരുന്നു; സംഘർഷമേഖലകളിൽ കർഫ്യൂ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി തയ്യാറാകാത്തതിനെത്തുടർന്ന് ഗവർണർ ആർ.എൻ. രവി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. മമത സ്വയം ഒഴിഞ്ഞില്ലെങ്കിൽ ഭരണഘടനയുടെ 164-ാം അനുച്ഛേദം (Article 164) പ്രകാരം അവരെ പുറത്താക്കാനുള്ള നീക്കങ്ങളാണ് ഗവർണർ ആലോചിക്കുന്നത്. സഭയ്ക്കകത്ത് ഭൂരിപക്ഷം തെളിയിക്കാൻ സാങ്കേതികമായി കഴിയില്ലെന്നതിനാൽ ഗവർണർക്ക് നേരിട്ട് മുഖ്യമന്ത്രിയെ പുറത്താക്കാമെന്ന നിയമോപദേശമാണ് കേന്ദ്രം നൽകിയിട്ടുള്ളത്. എന്നാൽ ബിജെപി വോട്ട് അട്ടിമറിച്ചുവെന്നും നൂറോളം കേന്ദ്രങ്ങളിൽ വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടന്നുവെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. ഇതിനിടെ, പുതിയ മുഖ്യമന്ത്രിയെയും നിയമസഭാ കക്ഷി നേതാവിനെയും തീരുമാനിക്കാൻ ബിജെപി നിരീക്ഷകരായ അമിത് ഷായും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും ഉടൻ കൊൽക്കത്തയിലെത്തും. സുവേന്ദു അധികാരി തന്നെ മുഖ്യമന്ത്രിയാകാനാണ് ബിജെപിയിൽ നിലവിൽ ധാരണയായിരിക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുകയാണ്. വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് ഓഫീസുകൾക്ക് തീയിടുകയും ബോങ്‌ഗാവോണിൽ വിജയിച്ച ടിഎംസി സ്ഥാനാർത്ഥി ബിന മൊണ്ടലിന്റെ വീടും വാഹനവും തകർക്കുകയും ചെയ്തു. കൊൽക്കത്തയിലെ ന്യൂമാർക്കറ്റിൽ ബിജെപി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് ഇറച്ചിക്കടകൾ തകർത്ത സംഭവം വലിയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. സംഘർഷങ്ങളിൽ ഇതുവരെ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകി. അക്രമബാധിത പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും വിജയാഘോഷങ്ങളിൽ ബുൾഡോസർ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കാനും കമ്മീഷൻ ഉത്തരവിട്ടു.

 

Related Articles

- Advertisement -spot_img

Latest Articles