വാഷിംഗ്ടൺ: ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന അമേരിക്കൻ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാന്റെ എണ്ണക്കപ്പലിന് നേരെ യുഎസ് യുദ്ധവിമാനം ആക്രമണം നടത്തി. ബുധനാഴ്ച ഓമാൻ ഉൾക്കടലിൽ വെച്ചായിരുന്നു സംഭവം. കപ്പലിന്റെ ഗതിനിയന്ത്രിക്കുന്ന ഭാഗമായ ‘റഡർ’ (Rudder) വെടിവെച്ച് തകർത്തതായി അമേരിക്കൻ സൈന്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കപ്പൽ ഉപരോധം ലംഘിക്കുകയാണെന്ന് കാണിച്ച് പലതവണ മുന്നറിയിപ്പുകൾ നൽകിയിരുന്നതായും ഇത് അവഗണിച്ചതിനെത്തുടർന്നാണ് നടപടിയെടുത്തതെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ ഔദ്യോഗികമായി വെടിനിർത്തൽ നിലനിൽക്കെയാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാറിലേക്ക് ഇരുരാജ്യങ്ങളും അടുക്കുന്നതിനിടെ നടന്ന ഈ സംഭവം മേഖലയിൽ വീണ്ടും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, കരാറിൽ ഉടൻ തീരുമാനമായില്ലെങ്കിൽ ഇറാനിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര സമ്മർദ്ദം ശക്തമാക്കുകയാണ്. ഒരു വശത്ത് സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും മറുവശത്ത് ഉപരോധം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ അമേരിക്ക നൽകുന്നത്.



