മക്കയിൽ 553 ദശലക്ഷം റിയാലിന്റെ 10 പുതിയ റോഡ് പദ്ധതികൾ; ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി അമീർ

ജിദ്ദ: മക്ക മേഖലയിലെ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 553 ദശലക്ഷം റിയാൽ ചിലവിൽ പൂർത്തിയാക്കിയ 10 പ്രധാന റോഡ് പദ്ധതികൾ മക്ക ഡെപ്യൂട്ടി അമീർ പ്രിൻസ് സൗദ് ബിൻ മിഷാൽ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച ജിദ്ദയിൽ നടന്ന ചടങ്ങിൽ ഗതാഗത-ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസർ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ പങ്കെടുത്തു. ആകെ 109 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ശൃംഖലകൾ മക്ക മേഖലയിലെ ഗതാഗത സുഗമമാക്കുന്നതിനും വിശുദ്ധ ഹറമിലേക്കുള്ള തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനും വലിയ രീതിയിൽ സഹായിക്കും. സൗദി റോഡ് കോഡിന് അനുസൃതമായി ഏറ്റവും ഉയർന്ന സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത്. 8,623 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മേഖലയിലെ റോഡ് ശൃംഖലയ്ക്ക് ഈ പുതിയ പദ്ധതികൾ കൂടുതൽ കരുത്തേകും.

ഉദ്ഘാടന ചടങ്ങിനൊപ്പം തന്നെ മേഖലയിൽ ‘ഡിസ്റ്റിങ്ക്ടീവ് ആൻഡ് സേഫ് റോഡ്സ്’ (Distinctive and Safe Roads) എന്ന പുതിയ പ്രചാരണ പരിപാടിക്കും പ്രിൻസ് സൗദ് തുടക്കം കുറിച്ചു. നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള 8,600 കിലോമീറ്ററിലധികം വരുന്ന റോഡ് ശൃംഖലകളിൽ സമഗ്രമായ സർവേയും പരിശോധനയും നടത്തി പോരായ്മകൾ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്രിമബുദ്ധി (AI), ഡ്രോണുകൾ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS) തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ പരിശോധനകൾ നടക്കുക. ഇത്തരം മുൻകാല പ്രവർത്തനങ്ങളിലൂടെ രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം തകരാറുകൾ കണ്ടെത്തി പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരം നിരന്തരമായ ഇടപെടലുകൾ വഴി സൗദിയിലെ റോഡപകട മരണനിരക്ക് 60 ശതമാനത്തോളം കുറയ്ക്കാനും റോഡ് ഗുണനിലവാര സൂചികയിൽ ജി-20 (G20) രാജ്യങ്ങൾക്കിടയിൽ നാലാം സ്ഥാനത്തേക്ക് സൗദി അറേബ്യയെ എത്തിക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles