സഭയിൽ പ്രാതിനിധ്യമില്ലാതെ എട്ട് എൽ.ഡി.എഫ് ഘടകകക്ഷികൾ; ഇടതുകോട്ടകളിൽ വിള്ളൽ; നിലനിൽപ്പ് പ്രതിസന്ധിയിൽ

പാലക്കാട്: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളത്തിലെ ഇടതുമുന്നണിയിലെ എട്ട് പ്രധാന ഘടകകക്ഷികൾ നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത അവസ്ഥയിലായി. കേരള കോൺഗ്രസ് (എം), എൻ.സി.പി, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി), കേരള കോൺഗ്രസ് (ബി), ആർ.എസ്.പി (ലെനിനിസ്റ്റ്), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ എന്നീ പാർട്ടികളുടെ രാഷ്ട്രീയ ഭാവി ഇതോടെ വലിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ സി.പി.ഐ.എം, സി.പി.ഐ, ആർ.ജെ.ഡി എന്നീ കക്ഷികൾക്ക് മാത്രമാണ് നിയമസഭയിൽ അംഗങ്ങളുള്ളത്.

പാർട്ടി രൂപീകരണത്തിന് ശേഷം ആദ്യമായി സഭയിൽ അംഗമില്ലാത്ത അവസ്ഥയിലേക്കാണ് ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് (എം) കൂപ്പുകുത്തിയത്. ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും പരാജയപ്പെട്ടത് പാർട്ടിയിൽ വലിയ ആഘാതമുണ്ടാക്കി. തിരഞ്ഞെടുപ്പിന് മുൻപ് യു.ഡി.എഫിലേക്ക് മടങ്ങാനുള്ള നീക്കം സി.പി.എം തടഞ്ഞത് തിരിച്ചടിയായെന്നും, മുന്നണി മാറ്റമായിരുന്നു ഉചിതമെന്നും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്. സമാനമായ രീതിയിൽ എൻ.സി.പി (എസ്.പി) ക്കും ആദ്യമായി പ്രാതിനിധ്യം നഷ്ടമായി. എലത്തൂരിൽ എ.കെ. ശശീന്ദ്രനും കുട്ടനാട്ടിൽ തോമസ് കെ. തോമസും പരാജയപ്പെട്ടത് പാർട്ടിയിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള എതിർപ്പും സി.പി.എം പിന്തുണയോടെയുള്ള അദ്ദേഹത്തിന്റെ മത്സരവും പരാജയത്തിന്റെ ആക്കം കൂട്ടിയതായി വിലയിരുത്തപ്പെടുന്നു.

പരമ്പരാഗത ഇടതുകോട്ടകളിലും സിറ്റിങ് സീറ്റുകളിലും നേരിട്ട തകർച്ചയാണ് മറ്റ് പാർട്ടികളെയും ബാധിച്ചത്. ചിറ്റൂരിലും തിരുവല്ലയിലും പരാജയപ്പെട്ട ഐ.എസ്.ജെ.ഡി ഇപ്പോൾ ആർ.ജെ.ഡിയുമായി ലയിക്കാനുള്ള ചർച്ചകളിലാണ്. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന്റെയും തോൽവി അതത് പാർട്ടികളുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടോളം കുന്നത്തൂരിൽ നിന്ന് ജയിച്ചുവന്ന കോവൂർ കുഞ്ഞുമോന്റെ പരാജയം ആർ.എസ്.പി (എൽ) നും തിരിച്ചടിയായി. തൊണ്ടിമുതൽ കേസിലെ കുരുക്ക് കാരണം ആന്റണി രാജുവിന് മത്സരിക്കാൻ കഴിയാതിരുന്നതും, പി.ടി.എ റഹീമിനെപ്പോലുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പരാജയവും ഇടതുമുന്നണിയിലെ ചെറുകക്ഷികളുടെ സ്വാധീനം വലിയ തോതിൽ ഇല്ലാതാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ പാർട്ടികളിൽ നിന്ന് വലിയ തോതിലുള്ള പുനർചിന്തനങ്ങളും രാഷ്ട്രീയ നീക്കങ്ങളും പ്രതീക്ഷിക്കാം.

 

Related Articles

- Advertisement -spot_img

Latest Articles