ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റ ജോസഫ് വിജയ് സർക്കാർ ബുധനാഴ്ച നിയമസഭയിൽ വിശ്വാസവോട്ട് തേടും. മെയ് 13-നകം ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ നിർദ്ദേശപ്രകാരമാണ് നടപടി. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായില്ലെങ്കിൽ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ അനായാസം ഭൂരിപക്ഷം തെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 107 എം.എൽ.എമാരുള്ള ടി.വി.കെ-ക്ക് കോൺഗ്രസ്, വി.സി.കെ, മുസ്ലീം ലീഗ്, ഇടതുകക്ഷികൾ എന്നിവരടങ്ങുന്ന സഖ്യത്തിന്റെ 13 പേരുടെ പിന്തുണയുമുണ്ട്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണ്ടയിടത്ത് നിലവിൽ 120 എം.എൽ.എമാരുടെ ഉറച്ച പിന്തുണ സർക്കാരിനുണ്ട്.
ഭരണകക്ഷിക്ക് കരുത്തേകി എ.ഐ.എ.ഡി.എം.കെയിലെ വിമത വിഭാഗവും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എടപ്പാടി പളനിസാമിക്കെതിരെ കലാപമുയർത്തി സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിൽ കളംമാറിയ 28 എം.എ.ൽ.എമാരാണ് വിജയിയെ പിന്തുണയ്ക്കുന്നത്. ഇതിനിടെ, പിന്തുണ പ്രഖ്യാപിച്ച ഷൺമുഖത്തെ എം.ആർ.സി നഗറിലെ ഓഫീസിലെത്തി വിജയ് സന്ദർശിച്ചു. കഴിഞ്ഞദിവസം കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിലും മുസ്ലീം ലീഗ്, വി.സി.കെ ഓഫീസുകളിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഡി.എം.കെ പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ എടപ്പാടി ശ്രമിച്ചുവെന്നും എന്നാൽ ഭൂരിഭാഗം എം.എൽ.എമാരും അതിനെ എതിർത്തുവെന്നും സി.വി. ഷൺമുഖം വെളിപ്പെടുത്തി.
അതേസമയം, എ.ഐ.എ.ഡി.എം.കെയിൽ ഔദ്യോഗിക-വിമത വിഭാഗങ്ങൾ തമ്മിലുള്ള പോര് സ്പീക്കറുടെ മുന്നിലെത്തിയിരിക്കുകയാണ്. എടപ്പാടി പളനിസാമിയെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗിക വിഭാഗം തിരഞ്ഞെടുത്തപ്പോൾ, വിമതർ എസ്.പി. വേലുമണിയെയാണ് നേതാവായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവിഭാഗവും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും വിശ്വാസവോട്ടെടുപ്പിനാണ് മുൻഗണനയെന്നും മറ്റ് തർക്കങ്ങളിൽ ഉടൻ നടപടിയുണ്ടാവില്ലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ഇരുവിഭാഗത്തിന്റെയും വിപ്പുകൾക്ക് നിലവിൽ നിയമസാധുതയില്ലാത്തതിനാൽ വോട്ടെടുപ്പിൽ കൂറുമാറ്റ നിരോധന നിയമം ഉടൻ ബാധകമാവില്ലെന്ന സൂചനയും രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്നു.



