മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ ഒൻപതിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടിയിട്ടും പ്രഖ്യാപനം വൈകുന്നത് ശരിയല്ലെന്നും, ഇത് വളരെ ഉത്തരവാദിത്തപരമായ വിഷയമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈക്കമാൻഡ് തീരുമാനം ഇനിയും നീളില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇതുവരെ ലീഗ് നേതൃത്വവുമായി ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നിരുന്നാലും, ഹൈക്കമാൻഡ് തങ്ങളുടെ തീരുമാനം അറിയിച്ചാലുടൻ യു.ഡി.എഫ് യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്യും. മുസ്‌ലിം ലീഗിന്റെ മന്ത്രിമാരെ തീരുമാനിക്കുന്നതും മറ്റ് ഭരണപരമായ കാര്യങ്ങൾ നിശ്ചയിക്കുന്നതുമുള്ള പൂർണ്ണ ചുമതല സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ ഭരണസ്തംഭനമുണ്ടെന്ന വാദം കുഞ്ഞാലിക്കുട്ടി തള്ളി. യു.ഡി.എഫ് അധികാരത്തിലേക്ക് വരികയാണെന്ന കാര്യം ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ടെന്നും, അതിനാൽ തന്നെ ഭരണപരമായ പ്രവർത്തനങ്ങളിൽ തടസ്സങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 102 സീറ്റുകളുമായി മുന്നണി അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 22 സീറ്റുകൾ നേടി ലീഗും കരുത്ത് തെളിയിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.



