യു.ഡി.എഫ് ഭരണചിത്രം തെളിയുന്നു; കോൺഗ്രസിന് 12 മന്ത്രിമാർ, ആഭ്യന്തര വകുപ്പിൽ ഉറച്ച് ചെന്നിത്തല

തിരുവനന്തപുരം: പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് വീണ്ടും കേരളത്തിൽ ഭരണസാരഥ്യത്തിലേക്ക് തിരിച്ചെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുന്നണിയിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. തീവ്രമായ ഉഭയകക്ഷി ചർച്ചകൾക്കും മുന്നണിതല കൂടിയാലോചനകൾക്കും ഒടുവിൽ പുതിയ സർക്കാരിന്റെ ഏകദേശ ഭരണചിത്രം വ്യക്തമായിട്ടുണ്ട്. പുതിയ ധാരണപ്രകാരം മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും കോൺഗ്രസിന് ലഭിക്കും. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ആർ.എസ്.പി, സി.എം.പി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കും. എല്ലാ നടപടികളും അന്തിമമാക്കി ഞായറാഴ്ച വൈകുന്നേരത്തോടെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക ഗവർണർക്ക് കൈമാറാനാണ് യു.ഡി.എഫ് നീക്കം.

അതേസമയം, ചില ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചകളിൽ ഇപ്പോഴും പൂർണ്ണമായ സമവായമായിട്ടില്ല. ഏഴ് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് (ജോസഫ്) രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ഒരു മന്ത്രിസ്ഥാനവും ഒപ്പം ചീഫ് വിപ്പ് അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാമെന്ന കോൺഗ്രസിന്റെ ഫോർമുലയോട് ജോസഫ് വിഭാഗം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടാമെന്ന കോൺഗ്രസ് നിർദ്ദേശത്തിൽ ഘടകകക്ഷി നേതാവായ അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്) കടുത്ത അതൃപ്തിയിലാണ്. മുന്നണിയിലെ മറ്റൊരു നേതാവായ മാണി സി. കാപ്പനും (കെ.ഡി.പി) ടേം വ്യവസ്ഥയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ തുടർന്ന് കടുത്ത നിലപാടിലായിരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഒടുവിൽ അനുനയത്തിന് വഴങ്ങിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഉറപ്പുനൽകിയതോടെയാണ് ശനിയാഴ്ച ചെന്നിത്തലയുമായുള്ള തർക്കങ്ങളിൽ മഞ്ഞുരുകിയത്. ആദ്യം സ്പീക്കർ അല്ലെങ്കിൽ ധനകാര്യ പദവികൾ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. പിന്നീട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നപരിഹാരമുണ്ടായത്. കീഴ്‌വഴക്കങ്ങൾ കുറവാണെങ്കിലും ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത. എന്നാൽ, തനിക്കൊപ്പം നിൽക്കുന്ന രണ്ട് പേരെക്കൂടി മന്ത്രിമാരാക്കണമെന്ന ചെന്നിത്തലയുടെ പുതിയ ഉപാധി ചർച്ചകളെ വീണ്ടും നേരിയ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

കോൺഗ്രസിന്റെ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും കെ. മുരളീധരൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, എ.പി. അനിൽകുമാർ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവരുടെ സ്ഥാനം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ചാണ്ടി ഉമ്മൻ, ഷാനിമോൾ ഉസ്മാൻ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, ടി. സിദ്ദീഖ്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എം. വിൻസെന്റ്, എൻ. ശക്തൻ, ഐ.സി. ബാലകൃഷ്ണൻ, വി.ടി. ബൽറാം എന്നിവരുടെ പേരുകളാണ് നിലവിൽ ‘വെയ്റ്റിംഗ് ലിസ്റ്റിൽ’ ഉള്ളത്. ജില്ല, സാമുദായിക സമവാക്യങ്ങൾ, സീനിയോറിറ്റി എന്നിവ കൃത്യമായി മാനദണ്ഡമാക്കിയാകും ഇവരിൽ നിന്ന് അന്തിമ പട്ടിക തയ്യാറാക്കുക

Related Articles

- Advertisement -spot_img

Latest Articles