തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ, യു.ഡി.എഫിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കും. വകുപ്പുകൾ സംബന്ധിച്ച് ഉച്ചയോടെ അന്തിമ ധാരണയാകുന്നതോടെ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും അന്തിമ പട്ടിക കൈമാറും.
നിയമസഭയിലെ സുപ്രധാന പദവികളെച്ചൊല്ലിയുള്ള ചർച്ചകളും സജീവമാണ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭയിൽ ഉണ്ടാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, നിയമസഭാ ചട്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയും പരിചയസമ്പന്നതയും മുൻനിർത്തിയാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് പരിഗണിക്കുന്നത്. അതേസമയം, സാമുദായിക സമവാക്യങ്ങൾ പാലിച്ചുകൊണ്ട് എൻ. ശക്തനെ സ്പീക്കർ സ്ഥാനത്തേക്ക് എത്തിക്കാനും നീക്കമുണ്ട്. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകുമെന്നാണ് സൂചന. ഇരുവരും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ചീഫ് വിപ്പ് പദവി നൽകാനാണ് നിലവിലെ ധാരണ.
രമേശ് ചെന്നിത്തല മന്ത്രിസ്ഥാനത്തേക്ക് വരാൻ തയ്യാറായതോടെയാണ് കോൺഗ്രസിന്റെ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾക്ക് വേഗത കൂടിയത്. മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുന്നതിനൊപ്പം സാമുദായിക സമവാക്യങ്ങളും കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ അടിസ്ഥാനമായിട്ടുണ്ട്. സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകളാണ് കോൺഗ്രസിൽ നിന്ന് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പിച്ചിട്ടുള്ളത്. ഇതിൽ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്ക് സുപ്രധാന വകുപ്പുകൾ തന്നെ ലഭിക്കുമെന്നാണ് സൂചന.



