ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാം തവണ, പൊതുജനങ്ങൾക്ക് തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സിഎൻജി വില വീണ്ടും വർധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് ഇത്തവണ കൂട്ടിയത്. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎൻജി നിരക്ക് ഉയർത്തുന്നത്. പുതിയ വർദ്ധനവോടെ ഡൽഹിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 76.59 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നീ പരിസര പ്രദേശങ്ങളിൽ വില കിലോഗ്രാമിന് 82.20 രൂപയായും വർദ്ധിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ആഗോള ഊർജ്ജ വിപണിയിലുണ്ടായ കടുത്ത പ്രതിസന്ധിയാണ് ഈ വിലക്കയറ്റത്തിന് ഇടയാക്കിയത്. ആഗോള വിപണിയിൽ പ്രകൃതിദത്ത വാതകത്തിനുണ്ടായ വിലവർദ്ധനവും വിതരണത്തിലെ കുറവുമാണ് വില കൂട്ടാൻ കാരണമായി വിതരണ കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസവും സിഎൻജിക്ക് കിലോയ്ക്ക് ഒരു രൂപ വർദ്ധിപ്പിച്ചിരുന്നു.

വാതക വിലയ്ക്ക് പുറമെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും കഴിഞ്ഞ ദിവസം കുത്തനെ കൂട്ടിയിരുന്നു. ലിറ്ററിന് മൂന്ന് രൂപയാണ് ഇന്ധനവിലയിൽ വർദ്ധിപ്പിച്ചത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ ഡൽഹിയിൽ നിലവിൽ പെട്രോളിന് ലിറ്ററിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് വില. തുടർച്ചയായുണ്ടാകുന്ന ഇന്ധന-വാതക വിലവർദ്ധനവ് സാധാരണക്കാരുടെ യാത്രാച്ചെലവുകളെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും വരും ദിവസങ്ങളിൽ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

Related Articles

- Advertisement -spot_img

Latest Articles