പ്രവാസികൾക്ക് ആശ്വാസമായി ജുബൈലിൽ ‘ഡബ്ല്യു.എം.എഫ്’ മെഡിക്കൽ ക്യാമ്പ്.

ജുബൈൽ: ആധുനിക പ്രവാസി ജീവിതത്തിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനും ബോധവൽക്കരണം ശക്തമാക്കാനും ലക്ഷ്യമിട്ട് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജുബൈൽ സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച സൗജന്യ കമ്മ്യൂണിറ്റി മെഡിക്കൽ പരിശോധനാ ക്യാമ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമായി.

ലോക രക്താതിസമ്മർദ്ദ ദിനത്തോടനുബന്ധിച്ച് സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ വെച്ചു സംഘടിപ്പിച്ച ക്യാമ്പിന് ഷിഫ അൽ ജുബൈൽ മെഡിക്കൽ സെന്റർ വിദഗ്ദ്ധ മെഡിക്കൽ സേവനവുമായി കൈകോർത്തു.ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ രക്തസമ്മർദ്ദ പരിശോധന, പ്രമേഹ നിർണ്ണയ പരിശോധന എന്നിവക്ക് പുറമെ വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയും തികച്ചും സൗജന്യമായി ലഭ്യമാക്കിയിരുന്നു.

ഷിഫ അൽ ജുബൈൽ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ വില്യം വർക്കി, ഡോ. സയീദ് അബ്ദുൽ തവാബ്, മാലിനി ചക്രബാനി, നഴ്സ് വാഹിദ അക്തർ എന്നിവർ അംഗങ്ങളായ സംഘമാണ് സേവനം നൽകിയത്.

ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിൽ പ്രസിഡന്റ് സോണിയ മോറിസസിന്റെ നേത്യത്വത്തിൽ ജുബൈൽ കൗൺസിൽ പ്രതിനിധികളായ സിന്റോ ജേക്കബ്, ശിഹാബുദ്ധീൻ, സുഗു, നിസാം, ഹാരിസൺ എന്നിവർ ക്യാമ്പിന്റെ ഏകോപന പ്രവർത്തനങ്ങൾ നടത്തി.

ജോലിത്തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് ഏറെ പ്രയോജനപ്പെട്ടതായി സംഘാടകർ വിലയിരുത്തി.

Related Articles

- Advertisement -spot_img

Latest Articles