തിരുവനന്തപുരം: മുനമ്പം ഭൂമി വിഷയത്തിൽ വഖഫ് ബോർഡ് സ്വീകരിച്ചത് പൂർണമായും നിയമപരമായ നടപടികളാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മെയ് 17 ആയതിനാലാണ് മെയ് 16-ന് തന്നെ നടപടികൾ പൂർത്തിയാക്കിയതെന്നും, ഇതൊരു നിയമപരമായ ബാധ്യത മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ ഭൂമി വഖഫ് സ്വത്താണെന്ന് മന്ത്രി കെ.എം. ഷാജി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുനമ്പം വിഷയം രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും ഹംസ തള്ളി. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു ഭൂമി തർക്കത്തെ എങ്ങനെയാണ് രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമായി കാണാനാവുകയെന്ന് അദ്ദേഹം ചോദിച്ചു. വിഷയം പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വൈകാരികമായ പ്രതികരണമാണെന്നും, വർഷങ്ങളായി നിലനിൽക്കുന്ന സങ്കീർണ്ണമായ വിഷയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാഷ്ട്രീയ നിയമനമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന്, മുഖ്യമന്ത്രിയുടേതും രാഷ്ട്രീയ നിയമനമല്ലേ എന്നായിരുന്നു ഹംസയുടെ മറുചോദ്യം. സംസ്ഥാനത്ത് സർക്കാർ മാറിയാലും താൻ വഖഫ് ബോർഡ് ചെയർമാനായി തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭരണമാറ്റം സ്വാഭാവികമായ നടപടി മാത്രമാണെന്നും കൂട്ടിച്ചേർത്തു.



