റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചു. മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ വേഗത്തിലായതോടെ എക്സിറ്റ് വിസ നടപടികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. നിലവിൽ എമിഗ്രേഷൻ സംബന്ധമായ അവസാന കടമ്പകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
എമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയായാൽ ഏത് നിമിഷവും റഹീമിന് ജയിൽ മോചിതനായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് നിയമസഹായ സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. റഹീമിന്റെ മടക്കയാത്രയ്ക്കായി കാത്തിരിക്കുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ ആശ്വാസം നൽകുന്ന വാർത്തയാണിത്.



