ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ്; അറുതിയില്ലാതെ ഇസ്രായേൽ വ്യോമാക്രമണം

വാഷിങ്ടൺ/ബെയ്റൂത്ത് : മാസങ്ങളായി തുടരുന്ന കടുത്ത സൈനിക അധിനിവേശത്തിന് താൽക്കാലിക ആശ്വാസമേകി, ഇസ്രായേലും ലെബനനിലെ ഹിസ്ബുല്ലയും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ നിർണ്ണായക ഫോൺ ചർച്ചയിൽ, ബെയ്റൂത്തിൻറെ തെക്കൻ പ്രാന്തപ്രദേശങ്ങളിലേക്ക് സൈന്യത്തെ വ്യാപിപ്പിക്കാനുള്ള നീക്കം ഇസ്രായേൽ നിർത്തിവെച്ചതായി ഉറപ്പുലഭിച്ചെന്ന് ട്രംപ് എക്സിലൂടെ വ്യക്തമാക്കി. പ്രത്യേക പ്രതിനിധികൾ മുഖേന ഹിസ്ബുല്ല നേതൃത്വവുമായും ചർച്ച നടത്തിയെന്നും, പരസ്പരം ആക്രമിക്കില്ലെന്ന് ഇരുവിഭാഗവും സമ്മതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേൽ ആക്രമണങ്ങൾ കാരണം വെടിനിർത്തൽ ചർച്ചകൾ തകരുമെന്ന ഇറാന്റെ മുന്നറിയിപ്പുകൾക്കിടയിലാണ്, ചർച്ചകൾ അതിവേഗം പുരോഗമിക്കുകയാണെന്ന ട്രംപിന്റെ പ്രതികരണം പുറത്തുവന്നത്. തൊട്ടുപിന്നാലെ, ബെയ്റൂത്തിൻറെ തെക്കൻ മേഖലകളിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് പകരം ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് ഹിസ്ബുല്ല പിന്മാറുമെന്ന താൽക്കാലിക ധാരണയ്ക്ക് അനുമതി ലഭിച്ചതായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔണിന്റെ ഓഫീസും സ്ഥിരീകരിച്ചു.

എന്നിരുന്നാലും, ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകവും തെക്കൻ ലെബനനിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുന്നതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ലയുടെ ശക്തമായ കേന്ദ്രമായ ബെയ്റൂത്തിലെ ദാഹിയ നഗരത്തിൽ ആക്രമണം നടത്താൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ പതിനായിരക്കണക്കിന് ആളുകളാണ് വീടൊഴിഞ്ഞു പലായനം ചെയ്തത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തികളിൽ സമാധാനം ഉണ്ടാകുന്നതുവരെ ബെയ്റൂത്തിലും സമാധാനമുണ്ടാകില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് കർശന മുന്നറിയിപ്പ് നൽകി. തെക്കൻ ലെബനനിലെ ലിതാനി നദി വരെയുള്ള പ്രദേശം പൂർണ്ണമായും സൈനിക നിയന്ത്രണത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലിതാനി നദിക്ക് തൊട്ടുവടക്കുള്ള ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട ഇസ്രായേൽ സൈന്യം പിടിച്ചെടുത്തിരുന്നു. കാൽനൂറ്റാണ്ടിന് ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും ശക്തമായ ഈ കടന്നുകയറ്റത്തെ ‘വലിയ നയതന്ത്ര മാറ്റം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനായി യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ ഇസ്രായേൽ-ലെബനൻ അധികൃതരുമായി പ്രത്യേക ചർച്ചകൾ നടത്തിവരികയാണ്. കഴിഞ്ഞ മാർച്ച് 2 മുതൽ ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധം ശക്തമായതിന് ശേഷം ലെബനനിൽ 10 ലക്ഷത്തിലധികം ആളുകളാണ് നിർബന്ധിതമായി പലായനം ചെയ്തത്. ഏപ്രിൽ 17-ന് ഒരു വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുവിഭാഗവും അത് ലംഘിക്കുകയായിരുന്നു. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മാർച്ച് മുതൽ ഇതുവരെ 3,412-ലധികം ആളുകൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലിന്റെ ഈ കടുത്ത അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇസ്രായേൽ നീക്കങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയപ്പോൾ, നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകളെ ഇസ്രായേൽ ഇല്ലാതാക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ കുറ്റപ്പെടുത്തി. ഈ കടുത്ത കടന്നുകയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തറും, ലെബനൻ മണ്ണിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറണമെന്ന് ഈജിപ്തും ആവശ്യപ്പെട്ടു

Related Articles

- Advertisement -spot_img

Latest Articles