വെള്ളാപ്പള്ളി നടേശനെയും തുഷാറിനെയും യു.ഡി.എഫ് മന്ത്രിമാർ സന്ദർശിക്കുന്നതിനെതിരെ റിജിൽ മാക്കുറ്റി; ‘തിരിച്ചടി വലുതായിരിക്കും’

കണ്ണൂർ: നിരന്തരം വർഗീയ പ്രസ്താവനകൾ നടത്തി വിവാദം സൃഷ്ടിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും, അദ്ദേഹത്തിന്റെ മകനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെയും യു.ഡി.എഫ് മന്ത്രിമാർ തുടർച്ചയായി സന്ദർശിക്കുന്നതിലുള്ള കടുത്ത അതൃപ്തി പരസ്യമാക്കി കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ടല്ല ഈഴവ സമുദായംഗങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്തതെന്നും, ഈ യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്ന തിരിച്ചടി വലുതായിരിക്കുമെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദർ​ശിച്ച് അനുഗ്രഹം തേടിയതും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും തുഷാർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. കാർത്തികപ്പള്ളിയിലെ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് അശോക പണിക്കരുടെ വസതിയിലായിരുന്നു ചെന്നിത്തല-തുഷാർ കൂടിക്കാഴ്ച നടന്നത്. ഈ സൗഹൃദസന്ദർശനത്തിന്റെ ചിത്രങ്ങൾ തുഷാർ വെള്ളാപ്പള്ളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെ നേതൃപാടവവും അനുഭവസമ്പത്തും തെളിയിച്ച ജനപ്രിയ നേതാവായ ചെന്നിത്തലയെ താൻ സ്നേഹപൂർവ്വം സ്വീകരിച്ചതായും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രചോദനമാണെന്നും കുറിച്ച തുഷാർ മന്ത്രിക്ക് ആയുരാരോഗ്യസൗഖ്യവും ഔദ്യോഗിക ചുമതലകളിൽ വിജയവും ആശംസിക്കുകയും ചെയ്തു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വസതിയിലെത്തിയായിരുന്നു തുഷാറിന്റെ മറ്റൊരു സന്ദർശനം. ഈ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും, ഇത് കേവലം ജന്മദിനാശംസകൾ നേരുന്നതിനായുള്ള യാത്ര മാത്രമാണെന്നായിരുന്നു തുഷാറിന്റെ പ്രതികരണം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടതെന്നും, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ വ്യക്തമാക്കിയിരുന്നു. എന്നാൽ മുന്നണിയിലെ ഈ സന്ദർശന പരമ്പരകൾക്കെതിരെ പാർട്ടിക്ക് അകത്തുനിന്ന് തന്നെ ഇപ്പോൾ പരസ്യമായ വിമർശനങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles