മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; നിസാർ സാഹിബ് കാട്ടിലിന് ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ ആദരം.

റിയാദ്: സൗദി അറേബ്യയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങൾക്ക് മൂന്ന് പതിറ്റാണ്ടുകാലം ദിശാബോധം നൽകിയ പ്രമുഖ സംഘാടകൻ നിസാർ സാഹിബ് കാട്ടിൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. നീണ്ട മുപ്പത് വർഷത്തെ സജീവമായ പ്രവാസി ജീവിതത്തിന് വിരാമമിട്ട് മടങ്ങുന്ന അദ്ദേഹത്തിന് ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൗഢവും വികാരനിർഭരവുമായ യാത്രയയപ്പ് നൽകി.

വിപുലമായ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളോ ആധുനിക സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പ്രതികൂല സാഹചര്യത്തിലാണ് നിസാർ കാട്ടിൽ സൗദി അറേബ്യയിൽ എത്തുന്നത്. അന്നത്തെ എസ്.വൈ.എസ് പ്രസ്ഥാനത്തിന് സൗദി മണ്ണിൽ രൂപവും ഭാവവും നൽകുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്ന ആ കാലഘട്ടത്തിൽ സൗദിയിലെ ദുർഘട പാതകളിലൂടെ നിരന്തരം യാത്ര ചെയ്താണ് അദ്ദേഹം പ്രസ്ഥാനത്തിന്റെ സന്ദേശം പ്രവാസികൾക്കിടയിൽ എത്തിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളിൽ ചുറ്റിസഞ്ചരിച്ച് സെൻട്രൽ കമ്മിറ്റികൾ രൂപീകരിക്കുകയും, പിന്നീട് അവയെ കൂട്ടിയിണക്കി ഇന്നത്തെ ശക്തമായ ‘സൗദി നാഷണൽ കമ്മിറ്റി’ കെട്ടിപ്പടുക്കുകയും ചെയ്തതിന്റെ പിന്നിലെ പ്രധാന ചാലകശക്തിയായിരുന്നു നിസാർ സാഹിബ്.

സാമൂഹിക-വിദ്യാഭ്യാസ-ക്ഷേമ പ്രവർത്തനങ്ങൾക്ക് പുറമെ ജീവകാരുണ്യ രംഗത്തും സമാനതകളില്ലാത്ത നേതൃത്വമാണ് അദ്ദേഹം കാഴ്ചവെച്ചത്. ലോകം കോവിഡ് മഹാമാരിയിൽ സ്തംഭിച്ചുപോയ കഠിനമായ കാലഘട്ടത്തിൽ, ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ ദമ്മാം, റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് പ്രത്യേക ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്ത് നൂറുകണക്കിന് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് നിസാർ സാഹിബിന്റെ നേതൃത്വമായിരുന്നു.
കൂടാതെ ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ പ്രവാസികളുടെയും, നാട്ടിൽ തിരിച്ചെത്തി സാമ്പത്തികമായി ബുദ്ധിമുട്ടിയവരുടെയും വീടുകളിൽ നേരിട്ട് ഭക്ഷ്യക്കിറ്റുകൾ എത്തിക്കുന്നതുൾപ്പെടെയുള്ള വിപുലമായ കാരുണ്യ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്ത് നടപ്പിലാക്കാൻ അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു.

പ്രൗഢമായ യാത്രയയപ്പ് ചടങ്ങിൽ ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ പ്രമുഖ നേതാക്കളും വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. സൗദി മലയാളി പ്രവാസ ലോകത്തിന് നിസാർ സാഹിബ് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ നേതാക്കൾ ചടങ്ങിൽ കൃതജ്ഞതയോടെ അനുസ്മരിച്ചു. ചടങ്ങിൽ നാഷണൽ കമ്മിറ്റിയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി.

സയ്യിദ് ഹബീബ് അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി, നാഷനൽ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മുക്കം, ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ബഷീർ എറണാകുളം, ബഷീർ ഉള്ളണം, മുജീബ് എ ആർ നഗർ, തുടങ്ങി പ്രമുഖർ സംബന്ധിച്ചു. മറുപടി പ്രസംഗത്തിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം തനിക്ക് ഒപ്പം നിന്ന പ്രസ്ഥാനത്തിലെ സഹപ്രവർത്തകർക്കും സൗദിയിലെ പ്രവാസി സമൂഹത്തിനും നിസാർ സാഹിബ് നന്ദി രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles