ഹജ്ജ് 2027: അപേക്ഷകൾ ക്ഷണിച്ചു; ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2027-ലെ (ഹിജ്റ 1448) ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഔദ്യോഗിക അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.hajcommittee.gov.in; https://www.hajcommittee.gov.in  വഴിയോ അല്ലെങ്കിൽ ‘ഹജ്ജ് സുവിധ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2026 ജൂൺ 22 മുതൽ ആരംഭിച്ച അപേക്ഷാ വിൻഡോ 2026 ജൂലൈ 20 രാത്രി 11:59 വരെ തുറന്നിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി. (IAS) അറിയിച്ചു.

സ്വീകരിച്ച അപേക്ഷകളിൽ നിന്നും ‘ഖുറ’ (ഡിജിറ്റൽ റാൻഡം സെലക്ഷൻ) വഴി ജൂലൈ അവസാന വാരത്തിൽ തീർത്ഥാടകരെ തിരഞ്ഞെടുക്കും. ഇപ്രകാരം താൽക്കാലികമായി തിരഞ്ഞെടുക്കപ്പെടുന്ന തീർത്ഥാടകർ അഡ്വാൻസ് തുകയായ 1,52,300 രൂപ 2026 ആഗസ്റ്റ് 10-നോ അതിന് മുൻപോ ആയി നിക്ഷേപിക്കേണ്ടതുണ്ട്. പ്രഖ്യാപിച്ച സമയപരിധിയിൽ യാതൊരുവിധ ഇളവുകളോ നീട്ടിനൽകലോ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകർ തങ്ങളുടെ യോഗ്യത ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ കൃത്യമായി വായിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം 2027 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടിന്റെ മുൻ-പിൻ പേജുകൾ വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്ക് ലീഫ്, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ നിശ്ചിത സൈസിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.ഒരിക്കൽ ഹജ്ജ് സീറ്റ് ലഭിച്ച ശേഷം അത് റദ്ദാക്കുന്നത് വലിയ പ്രവർത്തന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനാൽ അത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്നു. അപ്രകാരം സീറ്റ് റദ്ദാക്കുന്നവരിൽ നിന്നും കൃത്യമായ പിഴ ഈടാക്കുന്നതായിരിക്കും. അതിനാൽ പൂർണ്ണമായ തയ്യാറെടുപ്പും താൽപ്പര്യവുമുള്ള തീർത്ഥാടകർ മാത്രം അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles