ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള അലിഗഞ്ച് പ്രദേശത്തെ മൂന്ന് നിലകളുള്ള വാണിജ്യ സമുച്ചയത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 15 പേർ ദാരുണമായി മരണപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ‘ഹെഡ് ഹോപ്പർ സ്റ്റുഡിയോസ്’ എന്ന ആനിമേഷൻ, ഗെയിം ഡെവലപ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരായ യുവതീയുവാക്കളാണ്. കെട്ടിടത്തിനുള്ളിൽ കനത്ത പുകയും തീയും പടർന്നതോടെ പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോയ ഇവർ, മരണത്തിന് തൊട്ടുമുമ്പ് തങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് നടത്തിയ ദയനീയമായ കൂട്ടനിലവിളികൾ കേട്ട് വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം.
അപകടത്തിൽ മരിച്ച 23 കാരനായ ഗെയിം ഡിസൈനർ സുഖ്മണി സിംഗ് മരണത്തിലേക്ക് മറയുന്നതിന് നിമിഷങ്ങൾക്ക് മുൻപ് തന്റെ പിതാവ് പ്രഭ്ജോത് സിംഗിനെ ഫോണിൽ വിളിച്ച് സഹായത്തിനായി കെഞ്ചിയിരുന്നു. “അച്ഛാ, എന്നെ എങ്ങനെയെങ്കിലും രക്ഷിക്കൂ… ഇവിടെ ആകെ തീയാണ്, പുറത്തേക്ക് ഇറങ്ങാൻ ഒരിടവുമില്ല” എന്ന് ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞ സുഖ്മണിയുടെ ശബ്ദം പിന്നീട് നിലയ്ക്കുകയായിരുന്നു. സമാനമായ രീതിയിൽ 27 കാരനായ ജോയ്‌നീൽ ചക്രവർത്തി എന്ന യുവാവും തന്റെ ബന്ധുക്കളെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രക്ഷാപ്രവർത്തകർ തൊട്ടടുത്ത ടെറസിൽ നിന്നും കെട്ടിടത്തിന്റെ മതിൽ തകർത്ത് അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലും ജോയ്‌നീൽ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ കണ്ണീരോടെ ഓർക്കുന്നു. ശരിയായ സമയത്ത് മതിൽ തകർത്ത് അകത്തുകടക്കാൻ സാധിച്ചിരുന്നെങ്കിൽ പല ജീവനുകളും രക്ഷിക്കാമായിരുന്നു എന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
തങ്ങളുടെ പ്രിയപ്പെട്ട മക്കൾ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട് “എന്നെ എന്റെ മകന്റെ അടുത്തേക്ക് പോകാൻ അനുവദിക്കൂ” എന്ന് നിലവിളിച്ചുകൊണ്ട് തടയാൻ ശ്രമിച്ച പോലീസുകാരോട് യാചിക്കുന്ന അമ്മമാരുടെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ പോലും കണ്ണുനിറച്ചു. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി (KGMU) ആശുപത്രിയിൽ എത്തിച്ച 24 പേരിൽ 15 പേരും സംഭവസ്ഥലത്തുതന്നെ ശ്വാസം മുട്ടി മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് (Asphyxiation) എല്ലാവരും മരിച്ചത്. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ ചിലർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കൃത്യമായ വെന്റിലേഷനോ അടിയന്തിര എക്സിറ്റുകളോ ഇല്ലാത്ത ഇത്തരം കെട്ടിടങ്ങൾക്ക് എങ്ങനെയാണ് പ്രവർത്തന അനുമതി നൽകിയതെന്ന് മരിച്ച ആദിത്യ ശ്രീവാസ്തവ എന്ന യുവാവിന്റെ മാതാവ് കല്പന ശ്രീവാസ്തവ രോഷത്തോടെ ചോദിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.



