‘ഓപ്പറേഷൻ തൂഫാൻ’: ശാന്തൻപാറയിൽ ലഹരി വിറ്റിരുന്ന വഴിയോരക്കട പോലീസ് ഇടിച്ചുനിരത്തി

ഇടുക്കി: അടിമാലി ശാന്തൻപാറയിൽ ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി പോലീസ് രംഗത്ത്. ലഹരിവിരുദ്ധ നീക്കങ്ങൾ ശക്തമാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പൂപ്പാറ ടൗണിൽ ലഹരിവസ്തുക്കൾ വിറ്റിരുന്ന വഴിയോരക്കട പോലീസ് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. പൂപ്പാറ മുടുക്കുടി സ്വദേശി ഈശ്വരൻ (47) നടത്തിവന്ന കടയാണ് ശാന്തൻപാറ ഇൻസ്പെക്ടർ ശരത് ലാൽ എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊളിച്ചുനീക്കിയത്. നേരത്തെ ഇയാളുടെ കടയിൽനിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് കട സ്വമേധയാ ഒഴിഞ്ഞുപോകാൻ പോലീസ് നോട്ടീസ് നൽകിയെങ്കിലും, ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ച് താൽക്കാലികമായി അനുകൂല സ്റ്റേ ഉത്തരവ് സമ്പാദിക്കുകയായിരുന്നു.

എന്നാൽ, സ്റ്റേ ഉത്തരവ് വന്നിട്ടും പിന്മാറാൻ ശാന്തൻപാറ പോലീസ് തയ്യാറായില്ല. പ്രതിയുടെ മുൻകാല ലഹരിക്കടത്ത് കേസുകളെയും കൃത്യമായ ക്രിമിനൽ പശ്ചാത്തലത്തെയും കുറിച്ച് വിശദമായ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇയാൾ സ്ഥിരമായി ലഹരി വിൽപന നടത്തുന്നയാളാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടതോടെ, മുൻപ് നൽകിയ സ്റ്റേ ഉത്തരവ് നീക്കിയ ഹൈക്കോടതി കട പൊളിച്ചുനീക്കാൻ പോലീസിന് പൂർണ്ണ അനുമതി നൽകുകയായിരുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെയായിരുന്നു പോലീസിന്റെ ഈ അടിയന്തര നടപടി. വരുംദിവസങ്ങളിലും ലഹരി മാഫിയക്കെതിരെ ശക്തമായ നീക്കങ്ങൾ തുടരുമെന്ന് ശാന്തൻപാറ ഇൻസ്പെക്ടർ അറിയിച്ചു. ലഹരി വിൽപന നടത്തുന്നതായി കണ്ടെത്തിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles