വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാന് മേൽ കടുത്ത വ്യോമാക്രമണം തുടര്ന്ന് അമേരിക്ക. തുടർച്ചയായ രണ്ടാം ദിവസമാണ് യു.എസ് യുദ്ധവിമാനങ്ങൾ ഇറാന്റെ തീരദേശ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ശക്തമായ ബോംബാക്രമണം നടത്തുന്നത്. ഇറാന്റെ തന്ത്രപ്രധാനമായ സിരിക് തുറമുഖ നഗരം, ബന്ദർ ഇ ലംഗെ, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളും കോസ്റ്റൽ റഡാർ സംവിധാനങ്ങളുമാണ് യു.എസ് സെൻട്രൽ കമാൻഡ് ഇത്തവണ തകർത്തത്. ഇതോടെ പശ്ചിമേഷ്യൻ മേഖലയിൽ യു.എസ്-ഇറാൻ സൈനിക സംഘർഷം അതിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
തന്ത്രപ്രധാനമായ ഈ രാജ്യാന്തര കപ്പൽപ്പാതയിലൂടെ കടന്നുപോകുകയായിരുന്ന ‘എവർ ലൗലി’ എന്ന വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും ആവശ്യമെങ്കിൽ സൈനിക നടപടികൾ പൂർണ്ണമാക്കാൻ മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, അമേരിക്കയുടേത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും താൽക്കാലിക ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചത് യു.എസ് ആണെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഇതിന് തിരിച്ചടിയായി കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ആഴ്ച സ്വിറ്റ്സർലൻഡിൽ വെച്ച് പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച ചരിത്രപരമായ താൽക്കാലിക ധാരണാപത്രത്തിന്റെ ഭാവി ഇതോടെ പൂർണ്ണമായും അവതാളത്തിലായി. വരാനിരിക്കുന്ന ദീർഘകാല സമാധാന കരാറിനായുള്ള നയതന്ത്ര ചർച്ചകളെ ഈ രണ്ടാം ദിവസത്തെ സൈനിക ഏറ്റുമുട്ടൽ പൂർണ്ണമായും തകിടം മറിക്കുമെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ ആശങ്കപ്പെടുന്നു. ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണവും സ്വാധീനവും നഷ്ടപ്പെടാതിരിക്കാൻ ഇറാൻ പ്രതിരോധം കടുപ്പിക്കുമ്പോൾ, ആഗോള എണ്ണവിപണിയുടെ സുസ്ഥിരതയ്ക്കായി കപ്പൽപ്പാത തുറന്നുനൽകാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് അമേരിക്ക.



