വിവാഹവാഗ്ദാനം നൽകി പീഡനം; ഐപിഎൽ താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്

കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററും ഐപിഎൽ താരവുമായ അഭിഷേക് പോറലിനെ ഉടൻ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ഗാർഹിക പീഡനം, ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ബംഗാൾ പോലീസിന് കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. പോറലിനൊപ്പം കേസിലെ മറ്റൊരു പ്രതിയെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും, പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടണമെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ഉത്തരവിട്ടു.

കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേക് പോറലും പ്രണയത്തിലായിരുന്നുവെന്ന് ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ പറയുന്നു. തുടക്കത്തിൽ വിവാഹത്തിന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അകലുകയും വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. മാത്രവുമല്ല, തന്നെ തടഞ്ഞുവെച്ച് ശാരീരികമായി ഉപദ്രവിച്ചതായും, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി ആരോപിക്കുന്നു. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, മികച്ച രീതിയിൽ കളിച്ചു മുന്നേറുന്നതുകൊണ്ട് ഉയർന്നുവരുന്ന കുപ്രചാരണങ്ങൾ മാത്രമാണിതെന്നും ബെംഗളൂരുവിലുള്ള അഭിഷേക് പോറൽ പ്രതികരിച്ചു. കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്ന് 23-കാരനായ താരം കൂട്ടിച്ചേർത്തു. ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ പോറൽ 2023 മുതലാണ് ഡൽഹി ക്യാപിറ്റൽസിനായി ഐപിഎല്ലിൽ കളിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles