വിദ്യാർത്ഥികൾക്കെതിരായ കേസ് പിൻവലിക്കണം: നിലപാട് കടുപ്പിച്ച് സി.ജെ.പി; ജന്തർമന്തറിൽ വൻ ജനമുന്നേറ്റം

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സർക്കാറിന് മുന്നിൽ ഒരു സുപ്രധാന ഉപാധി കൂടി വെച്ചു. ജൂലൈ 20-ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കും എതിരെ കേസുകളെടുക്കുകയോ തുടർ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നാണ് പുതിയ ആവശ്യം. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയും വ്യാജ പ്രചാരണങ്ങളിലൂടെ അക്രമികളാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പാർട്ടി ഭാരവാഹികൾ ഈ നിർണായക നിലപാട് സ്വീകരിച്ചത്. പുതിയ ഉപാധി അംഗീകരിച്ചില്ലെങ്കിൽ യാതൊരു കാരണവശാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, പരീക്ഷാ അട്ടിമറികൾ മൂലം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ തടങ്കലിൽ നിന്ന് മോചിപ്പിച്ച് യാത്രാവിലക്ക് നീക്കുക എന്നിവയാണ് സമരക്കാരുടെ മറ്റ് പ്രധാന ആവശ്യങ്ങൾ. ജൂലൈ 20-ന് നടന്ന മാർച്ച് വെറുമൊരു ‘ട്രെയിലർ’ മാത്രമാണെന്നും ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാത്ത പക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഡൽഹിയിലെത്തിച്ച് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും സി.ജെ.പി വക്താവ് അശുതോഷ് രങ്ക മുന്നറിയിപ്പ് നൽകി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പോർട്ടലിലെ അപാകതകൾ, സി.യു.ഇ.ടി പരീക്ഷ വൈകൽ എന്നിവയിൽ മന്ത്രി പൂർണ്ണമായി പരാജയപ്പെട്ടുവെന്നും ഇതിന്റെ ഫലമായി 21 വിദ്യാർത്ഥികൾ ജീവനൊടുക്കേണ്ടി വന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

അതിനിടെ, വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചെങ്കിലും, കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയിൽ വെച്ച് നടത്താൻ തീരുമാനിച്ച ചർച്ചാ ക്ഷണം സി.ജെ.പി തള്ളി. തങ്ങൾ മന്ത്രിമാരുടെ വീടുകളിലേക്കോ ഓഫീസുകളിലേക്കോ ചർച്ചയ്ക്ക് പോകില്ലെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജന്തർമന്തറിൽ നടക്കുന്നത് ഒരു ജനതാ ദർബാറാണെന്നും, സർക്കാരിന് സംഭാഷണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിമാർ ജന്തർമന്തറിലെത്തി ജനങ്ങൾക്ക് മുന്നിൽ വെച്ച് ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സമീപത്തുള്ള ഏതെങ്കിലും പൊതുസ്ഥലത്ത് കൂടിക്കാഴ്ച നടത്താമെന്നും, അർത്ഥശൂന്യമായ ചർച്ചകൾക്കായി തങ്ങളുടെ സമയം നഷ്ടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സി.ജെ.പി കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles