കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വീണ്ടും അക്രമം. വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് അകന്ന മുൻ സി.പി.എം ഭാരവാഹി ടി. പുരുഷോത്തമന്റെ ചെമ്മീൻ ഫാമിലെ സംഭരണ ഷെഡ് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചു. അർദ്ധരാത്രിയോടെ നടന്ന അക്രമത്തിൽ ഷെഡിനുള്ളിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ പൂർണ്ണമായും കത്തിച്ചാമ്പലായി. ഇന്ന് രാവിലെ ചെമ്മീനുകൾക്ക് തീറ്റ നൽകാനായി ഫാമിൽ എത്തിയപ്പോഴാണ് ഷെഡ് പൂർണ്ണമായും കത്തിയമർന്ന നിലയിൽ കണ്ടത്. ഷെഡിലുണ്ടായിരുന്ന തീറ്റശേഖരം, വലകൾ, ക്രേറ്റുകൾ, പൈപ്പുകൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം പൂർണ്ണമായി നശിച്ചിട്ടുണ്ട്. മാരകമായ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ഷെഡ് തകർത്തതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ, ഫാമിലെ വെള്ളത്തിൽ മാരകമായ ഏതോ ദ്രാവകം കലർത്തി ചെമ്മീൻ കുഞ്ഞുങ്ങളെ നശിപ്പിക്കാനും അക്രമികൾ ശ്രമിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ മുൻ എം.എൽ.എ ടി.ഐ. മധുസൂദനനും കൂട്ടരുമാണെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ ലക്ഷ്യമിട്ട് സി.പി.എം ആക്രമണ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണെന്നും, തനിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം നിരന്തരം വ്യാജപ്രചാരണങ്ങൾ നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർ പോലീസിന്റെ പിടിയിലായിരുന്നു. പുതിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് പുരുഷോത്തമൻ അറിയിച്ചു.



