വാഷിംഗ്ടൺ: ഇറാന് നേരെ ഇതുവരെയില്ലാത്തവിധം അതിശക്തമായ സൈനിക ആക്രമണം പുനരാരംഭിക്കുന്നത് തീവ്രമായി ആലോചിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുവരെയുള്ള പ്രഹരങ്ങൾ ഇറാന് മതിയായിട്ടില്ലെന്നും അവർക്ക് ഇനിയും കനത്ത പ്രഹരം ലഭിക്കേണ്ടതുണ്ടെന്നും ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
“മുമ്പൊരിക്കലുമില്ലാത്ത വിധം വലിയൊരു ആക്രമണമാണ് താൻ പരിഗണിക്കുന്നത്. ഇതിൽ അന്തിമ തീരുമാനം എടുക്കാൻ താൻ അടുത്തെത്തിക്കഴിഞ്ഞു, സൈന്യം ഇതിനായി പൂർണ്ണ സജ്ജമാണ്,” ട്രംപ് പറഞ്ഞു. ഇത്തരമൊരു തീരുമാനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അംഗീകരിച്ചെങ്കിലും, അന്തിമ തീരുമാനമെടുക്കാനോ സമയപരിധി നിശ്ചയിക്കാനോ അദ്ദേഹം തയ്യാറായില്ല.
താൻ ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനകം ഇസ്രായേൽ ആക്രമണത്തിൽ പങ്കുചേരുമെന്നും എന്നാൽ തങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ പങ്കാളിയായാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ തിരിച്ചടി ഇസ്രായേലിന് നേരെ ഉണ്ടാകാനുള്ള സാധ്യതയെയാണ് ട്രംപ് ഇതിലൂടെ സൂചിപ്പിച്ചത്. ഇറാനിയൻ ഉദ്യോഗസ്ഥർ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു ധാരണയിലെത്താൻ അവർ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് അവകാശപ്പെട്ടു.



