ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ 20-ന് കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ (ആർ.എ.എഫ്) ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് വെടിയുതിർത്തതായി കേന്ദ്ര റിസർവ് പോലീസ് ഫോഴ്സിന്റെ (സി.ആർ.പി.എഫ്) അന്വേഷണ റിപ്പോർട്ട്. കൊണാട്ട് പ്ലേസ് മേഖലയിൽ വിന്യസിച്ചിരുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥൻ ആകെ ഏഴ് റൗണ്ടുകൾ വെടിയുതിർത്തതായാണ് കണ്ടെത്തിയത്. ഇതിൽ അഞ്ച് റൗണ്ടുകൾ പ്രതിഷേധക്കാരുടെ ശരീരത്തിലും രണ്ടെണ്ണം തറയിലുമാണ് പതിച്ചതെന്ന് സി.ആർ.പി.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർ.എ.എഫ് ഉദ്യോഗസ്ഥരുടെ ലോഗ് എൻട്രികൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ വ്യക്തമായത്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ മാരകമായി ആക്രമിക്കാൻ ഉത്തരവിട്ടത് ആരാണെന്നും, പോലീസ് നടപടിക്ക് ആരാണ് അനുമതി നൽകിയതെന്നും അദ്ദേഹം തുറന്ന കത്തിലൂടെയും മാധ്യമങ്ങളിലൂടെയും ചോദിച്ചിരുന്നു. വിഷയത്തിൽ വ്യാപക ആക്ഷേപങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെയാണ് സി.ആർ.പി.എഫ് അന്വേഷണം ആരംഭിച്ചത്. പ്രതിപക്ഷം ഈ വിഷയം സഭയിൽ ശക്തമായി ഉന്നയിക്കാനിരിക്കെയാണ് സി.ആർ.പി.എഫിന്റെ അന്വേഷണ വിവരങ്ങൾ പുറത്തുവന്നത്.
മാർച്ചിനിടെ പെല്ലറ്റ് തോക്കുകളിൽ നിന്നുള്ള വെടിയേറ്റ് മൂന്ന് പേർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഗുഡ്ഗാവനിൽ ജോലി ചെയ്യുന്ന ഇർഷാദ് ഷെയ്ഖ് (25), ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സാഹിൽ ലോചാബ് (19), ഔട്ട്ലുക്ക് മാഗസിനിലെ മാധ്യമപ്രവർത്തകൻ (28) എന്നിവരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പെല്ലറ്റ് പ്രയോഗത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹിൽ ലോചാബിനെ രാഹുൽ ഗാന്ധി നേരിട്ട് സന്ദർശിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുകയും ചെയ്തിരുന്നു.



