പ്രണയാഭ്യർത്ഥന നിരസിച്ചു: പ്ലസ് വൺ വിദ്യാർത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; കുട്ടി ഗുരുതരാവസ്ഥയിൽ

കടലൂർ: തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾക്കായി എത്താറുണ്ടായിരുന്ന അയ്യപ്പൻ, മുൻപും പലതവണ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ വിദ്യാർത്ഥിനി ഇത് നിരന്തരം നിരസിക്കുകയായിരുന്നു. സംഭവദിവസം പെൺകുട്ടിയുടെ അമ്മ ജോലിക്കായി പുറത്തുപോയ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി അവിടെയെത്തി വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. ഇത് വീണ്ടും നിരസിച്ചതോടെ ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. രക്തത്തിൽ കുളിച്ച പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഉടൻതന്നെ ആംബുലൻസ് വിളിച്ച് കടലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ്, ഒളിവിലുള്ള പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles