പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, ചെല്ലാനത്ത് രൂക്ഷമായ കടൽക്ഷോഭം; അഞ്ഞൂറോളം വീടുകൾ വെള്ളത്തിൽ

കൊച്ചി: പെരിയാറിലെ മാർത്താണ്ഡവർമ്മ, കാലടി പോയിന്റുകളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതിനെ തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാലടി പോയിന്റിൽ ജലനിരപ്പ് 7.5 മീറ്ററായും മാർത്താണ്ഡവർമ്മ പാലത്തിൽ മുന്നറിയിപ്പ് നില പിന്നിട്ട് 3.37 മീറ്ററായും ഉയർന്നു. ജലനിരപ്പ് ഉയർന്നതോടെ പ്രശസ്തമായ ആലുവ മണപ്പുറം നടപ്പാത പൂർണ്ണമായും വെള്ളത്തിനടിയിലായി.

പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അണക്കെട്ടിന്റെ ആകെയുള്ള 15 ഷട്ടറുകളിൽ 14 എണ്ണവും ഉയർത്തി. ഇതിൽ 12 ഷട്ടറുകൾ 5 മീറ്റർ വീതവും 2 ഷട്ടറുകൾ 6 മീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. വേലിയേറ്റ സമയം ആയതിനാൽ പെരിയാറിൽ നിന്നുള്ള വെള്ളം കടലിലേക്ക് വേഗത്തിൽ ഒഴുകിപ്പോകാത്തതും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്.

അതേസമയം, തീരദേശ മേഖലയായ ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലിയിൽ അതിരൂക്ഷമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. മേഖലയിലെ അഞ്ഞൂറോളം വീടുകളിൽ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം നിലവിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴയും വെള്ളക്കെട്ടും കാരണം വൻതോതിലുള്ള കൃഷിനാശവും ജില്ലയിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles