ന്യൂഡെൽഹി: വിദേശത്തെ ഉന്നത വിദ്യാഭ്യാസച്ചെലവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകൾ നിരത്തി മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്‌കെ. അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പും എജ്യൂക്കേഷൻ ലോണും ഉപയോഗിച്ചാണ് തന്റെ പഠനം പൂർത്തിയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപ്‌കെ തനിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് ദീപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയത്.
മഹാരാഷ്ട്ര സർവീസിൽ നിന്ന് വിരമിച്ച ഒരു ജീവനക്കാരന് മകന്റെ യു.എസ് വിദ്യാഭ്യാസത്തിനായുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്താൻ കഴിഞ്ഞു എന്നായിരുന്നു തിവാരിയുടെ പ്രധാന ചോദ്യം.എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ദീപ്‌കെ, ബോസ്റ്റൺ സർവകലാശാല തനിക്ക് അനുവദിച്ച സ്കോളർഷിപ്പ് രേഖകൾ അഭിമുഖത്തിനിടെ പരസ്യപ്പെടുത്തി. പഠന ആവശ്യത്തിനായി ബാങ്ക് വായ്പ എടുത്തിട്ടുണ്ടെന്നും അതിന്റെ തിരിച്ചടവ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ (സി.ജെ.പി) സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ദീപ്‌കെ നിലപാട് വ്യക്തമാക്കി. ഭാവിയിൽ ജനങ്ങളിൽ നിന്നുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെയാകും പാർട്ടി തുക സമാഹരിക്കുകയെന്നും ഇതിന്റെ എല്ലാ കണക്കുകളും തികച്ചും സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡെൽഹിയിലെ ജന്തർ മന്ദറിൽ അടുത്തിടെ സി.ജെ.പി നടത്തിയ സമരത്തിനിടയിൽ പൊതുജനങ്ങളാണ് സമരക്കാർക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും നൽകിയത്. ഡെൽഹി പൊലീസിലെ ചില ഉദ്യോഗസ്ഥർ പോലും സ്വകാര്യമായി തങ്ങളെ പിന്തുണച്ചിരുന്നതായും ദീപ്‌കെ വെളിപ്പെടുത്തി. അവരുടെ മക്കളും നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനാലാണ് അവർ സമരത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ഐഡൻറിറ്റി വെളിപ്പെടുത്താതെ കുടിവെള്ള ബോട്ടിലുകൾ എത്തിച്ചു നൽകുകയും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിനിടെ, വിവാദത്തിൽ പ്രതികരണവുമായി സി.ജെ.പി വക്താവ് വൈഷ്ണവി ഗൗറും രംഗത്തെത്തി. ദീപ്‌കെയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് വൈഷ്ണവി കുറ്റപ്പെടുത്തി.
ഒരു സ്വകാര്യ വ്യക്തിയുടെ വിദ്യാഭ്യാസ ചെലവിന്റെ സാമ്പത്തിക സ്രോതസ്സ് തേടി ആർ.ടി.ഐ ഫയൽ ചെയ്യുന്നവർ പി.എം കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയെക്കുറിച്ചും അന്വേഷിക്കാൻ തയ്യാറാകണമെന്ന് അവർ പരിഹസിച്ചു.



