മോദി എന്റെ ആത്മാർത്ഥ സുഹൃത്ത്, ഇന്ത്യയിലെ നിക്ഷേപം തുടരും: ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

ടെൽ അവീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെയും വീണ്ടും പ്രകീർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നരേന്ദ്ര മോദി തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളാണെന്ന് ആവർത്തിച്ച നെതന്യാഹു, ഇന്ത്യയിൽ തങ്ങളുടെ സർക്കാർ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

ആഗോളതലത്തിൽ ഇസ്രയേൽ ഒറ്റപ്പെട്ടിരിക്കുകയാണെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ നെതന്യാഹു, ഇന്ത്യയിൽ നിന്നും തനിക്കും ഇസ്രയേലിനും ലഭിക്കുന്ന പിന്തുണ അവിശ്വസനീയമാണെന്ന് ചൂണ്ടിക്കാട്ടി. കൂടുതൽ രാജ്യങ്ങളുമായി സഖ്യം വളർത്തിയെടുക്കേണ്ടതുണ്ടെന്നും, അതുകൊണ്ടാണ് ഏറ്റവും അടുത്ത സുഹൃത്തായ നരേന്ദ്ര മോദിയുമായി ചേർന്നുള്ള ഇന്ത്യൻ ബന്ധത്തിനായി ഇസ്രയേൽ വൻതോതിൽ നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുന്നത് ഇസ്രയേലിന്റെ മുൻഗണനകളിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകത്ത് ആളുകൾക്ക് പോകാൻ കഴിയാത്ത രണ്ടു സ്ഥലങ്ങൾ ഉത്ത കൊറിയയും ഗസയുമാണെന്ന് പരാമർശിച്ച നെതന്യാഹു, ഗസ വിട്ടുപോകാൻ ആളുകൾക്ക് അനുവാദമില്ലെന്നും പറഞ്ഞു. ഭാവിയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായ പ്ലാറ്റ്‌ഫോമുകൾ നിഷേധിക്കപ്പെട്ടേക്കാവുന്ന സാഹചര്യം മുന്നിൽക്കണ്ട്, അടുത്ത ദശകത്തിൽ ഇസ്രയേൽ സ്വന്തമായി സ്റ്റെൽത്ത് വിമാനങ്ങളും ആളില്ലാ വിമാനങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ മാസങ്ങളിലും സമാനമായ രീതിയിൽ മോദിയെയും ഇന്ത്യയെയും പുകഴ്ത്തി നെതന്യാഹു രംഗത്തെത്തിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles