പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര അന്തരിച്ചു

ദമ്മാം / കൊല്ലം: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയ ദമ്മാമിലെ നവയുഗം സാംസ്കാരികവേദി ഖോബാർ തുഖ്ബ മേഖല വൈസ് പ്രസിഡന്റ് ലാലു ശക്തികുളങ്ങര (54) ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പെരിനാട് പണയം സീന ഭവനിൽ താമസക്കാരനായ അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.

തുഖ്ബയിൽ സ്വന്തമായി ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്ന ലാലു, നവയുഗത്തിന്റെ തുടക്കകാലം മുതൽ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. മികച്ച സംഘാടകനും പ്രവാസികൾക്കിടയിൽ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് പ്രവാസി സമൂഹത്തിൽ വലിയ ദുഃഖമാണ് സൃഷ്ടിച്ചത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം കഴിഞ്ഞ ഏഴ് വർഷമായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന അദ്ദേഹം, പ്രതിസന്ധികളെല്ലാം പരിഹരിച്ച് കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനായി രണ്ടാഴ്ച മുമ്പാണ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയത്.

സീനയാണ് ഭാര്യ. കൈലാസ്, ആകാശ് (ഇരുവരും സ്കൂൾ വിദ്യാർത്ഥികൾ) എന്നിവർ മക്കളാണ്. ലാലുവിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റിയും വിവിധ മേഖലാ കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles