ഗസയിൽ ട്രംപിന്റെ 15 ഇന പദ്ധതി തള്ളി ഇസ്രായേൽ; പിന്തുണ അറിയിച്ച് ഹമാസ്

ഗസ സിറ്റി: ഗസയിൽ നിന്നുള്ള ഇസ്രായേൽ സൈനിക പിന്മാറ്റത്തിനും ഹമാസിന്റെ നിരായുധീകരണത്തിനുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി നടപ്പാക്കുന്നതിൽ തങ്ങളുടെ സന്നദ്ധത ആവർത്തിച്ച് ഹമാസ്. പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.

ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കുന്നതിന് അന്താരാഷ്ട്ര മധ്യസ്ഥരുമായും ‘ബോർഡ് ഓഫ് പീസു’മായും സഹകരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് വ്യക്തമാക്കി. കരാറിന്റെ പൂർണ്ണമായ നടപ്പാക്കലിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നത്. പൂർണ്ണമായ വെടിനിർത്തൽ, ആക്രമണങ്ങൾ അവസാനിപ്പിക്കൽ, ഗസയിൽ നിന്നുള്ള സൈനിക പിന്മാറ്റം, അതിർത്തി ക്രോസിംഗുകൾ തുറക്കൽ, ദുരിതാശ്വാസ സഹായങ്ങൾ ലഭ്യമാക്കൽ, ഗസയുടെ പുനർനിർമ്മാണം എന്നിവ ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ഹമാസ് അഭിപ്രായപ്പെട്ടു.

അതേസമയം, ഹമാസ് പൂർണ്ണമായും ആയുധം താഴെവെക്കാതെ ഗസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഓഗസ്റ്റ് ഒമ്പത് ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യു.എസ് മുന്നോട്ടുവെച്ച ചില ആശയങ്ങൾ സ്വീകാര്യമാണെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. എന്നാൽ, വരാനിരിക്കുന്ന ഇസ്രായേൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നിലനിൽപ്പിനായാണ് നെതന്യാഹു പദ്ധതിയെ ഇപ്പോൾ തള്ളുന്നതെന്ന് അദ്ദേഹത്തിന്റെ മുൻ സഹായി മിച്ചൽ ബറാക് നിരീക്ഷിച്ചു.

കഴിഞ്ഞ ജൂലൈ 30-നാണ് ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഡൊണാൾഡ് ട്രംപ് 15 ഇന പദ്ധതി പ്രഖ്യാപിച്ചത്. ‘ബോർഡ് ഓഫ് പീസുമായി’ ചേർന്ന് പ്രവർത്തിക്കുന്ന ഒരു പുതിയ ഫലസ്തീൻ ഭരണകൂടത്തിന് കീഴിലേക്ക് ഗസയുടെ ഭരണം മാറ്റുന്നതിനൊപ്പം ഇസ്രായേലിന്റെ സുരക്ഷയും ഉറപ്പാക്കുന്നതാണ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി.

 

Related Articles

- Advertisement -spot_img

Latest Articles