താന് പ്രസംഗിച്ച വേദി ഹിന്ദുത്വ സംഘടനകൾ ശുദ്ധീകരിച്ചു: രാജ്യസഭയിൽ ഗുരുതര ആരോപണവുമായി മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: താൻ പ്രസംഗിച്ച വേദി ഹിന്ദുത്വ സംഘടനകൾ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുള്ള രാംലീല മൈതാനത്ത് താൻ സംസാരിച്ച വേദിയിലാണ് ഇത്തരത്തിൽ ശുദ്ധികലശം നടത്തിയതെന്ന് അദ്ദേഹം രാജ്യസഭയിൽ ആരോപിച്ചു. താൻ ദലിതനായതുകൊണ്ടാണ് ഇത്തരമൊരു പ്രവൃത്തി ഉണ്ടായതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

എല്ലാ പാർട്ടികളും പൊതുയോഗങ്ങൾ നടത്തുന്ന രാംലീല മൈതാനത്ത് ലക്ഷക്കണക്കിന് ആളുകളെ സാക്ഷിനിർത്തി സർക്കാരിന്റെ വീഴ്ചകൾ മാത്രമാണ് താൻ സംസാരിച്ചതെന്നും, ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ഖാർഗെ പറഞ്ഞു. ഈ രാജ്യത്ത് ദലിതർക്ക് ഇടമില്ലെന്ന് തങ്ങൾ എപ്പോഴും പറയുന്നതാണെന്നും, ഇത് ജനാധിപത്യപരമായ രീതിയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇതിനെ ഒരു രാഷ്ട്രീയ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, താൻ ആരോടും യാചിച്ചിട്ടില്ലെന്നും പോരാടാനുള്ള ശക്തി തനിക്കുണ്ടെന്നും വ്യക്തമാക്കിയ ഖാർഗെ, എന്നാൽ ഹൽദ്വാനിയിൽ നടന്ന സംഭവം തന്നെ ഏറെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി കൂട്ടിച്ചേർത്തു. വേദി ശുദ്ധീകരിച്ചവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തെ അപലപിച്ച കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, ഇതിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന ആരോപണം തള്ളി. ഇത്തരം പ്രവൃത്തികളെ പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും വികാരം വ്രണപ്പെട്ടതിൽ ഖേദമുണ്ടെന്നും പറഞ്ഞ അദ്ദേഹം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കി. ഖാർഗെയെ അപമാനിക്കുന്നത് സഭയിലുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും പ്രതികരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles