പശുവിനെ വാഹനമിടിപ്പിച്ചെന്നാരോപിച്ച് ഡോക്ടർക്ക് ക്രൂരമർദ്ദനം; കാർ തകർത്തു, ഉത്തർപ്രദേശിൽ നാലുപേർ അറസ്റ്റിൽ

ലഖ്‌നോ: പശുവിനെ വാഹനമിടിപ്പിച്ചു കൊന്നു എന്നാരോപിച്ച് ഉത്തർപ്രദേശിൽ ഗവൺമെന്റ് ഡോക്ടറെ ജനക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും കാർ തകർക്കുകയും ചെയ്തു. ഉസാവാൻ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. രാഹുൽ സിദ്ധാർത്ഥാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് ബിച്ച്പുരി ഗ്രാമത്തിലാണ് അതിക്രമം നടന്നത്. ആശുപത്രിയിൽ നിന്ന് കാറിൽ ബുദൗണിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറുടെ വാഹനം റോഡിലേക്ക് ഇറങ്ങി വന്ന പശുവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ കാർ തടയുകയും ഡോക്ടറെ പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പോലീസ് നോക്കിനിൽക്കെ നടന്ന ആക്രമണത്തിൽ ഡോക്ടറുടെ തലയ്ക്കും മുഖത്തുമടക്കം ശരീരമാസകലം പരിക്കേറ്റു. അക്രമികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും കാർ അടിച്ച് തകർക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അപകടസമയത്ത് ഡോക്ടർ മദ്യപിച്ചിരുന്നെന്നും കാറിനുള്ളിൽ ബിയർ കാനുകൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാരിൽ ചിലർ ആരോപിച്ചെങ്കിലും, തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം ഡോക്ടർ മൊറാദാബാദിലേക്ക് പോയതായി ബുദൗൺ സിറ്റി പോലീസ് സൂപ്രണ്ട് അഭിഷേക് കുമാർ സിങ് അറിയിച്ചു. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് നാലുപേരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്നും, പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles