ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (നൽസർ) 2026 ബാച്ച് നിയമബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞ ഉത്തരവ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) പിൻവലിച്ചു. അടിയന്തര ചർച്ചകൾക്ക് ശേഷമാണ് ഈ നിർണ്ണായക തീരുമാനം. പുതിയ ഉത്തരവുപ്രകാരം 2026-ലെ നൽസർ ബിരുദധാരികൾക്ക് അവർക്ക് താല്പര്യമുള്ള സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യാവുന്നതാണെന്ന് ബി.സി.ഐ വ്യക്തമാക്കി. തെറ്റൊന്നും ചെയ്യാത്ത വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പുനൽകിയ ബി.സി.ഐ, അതേസമയം സംഭവത്തിൽ നൽസർ വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും മറ്റു തുടർനടപടികൾ സ്വീകരിക്കുകയെന്നും കൂട്ടിച്ചേർത്തു.
നേരത്തെ, 2026-ൽ നൽസറിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയെയും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യരുതെന്നായിരുന്നു ബി.സി.ഐയുടെ കർശന നിർദേശം. സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു ബി.സി.ഐയുടെ ഈ വിവാദ നീക്കം. ചീഫ് ജസ്റ്റിസിനെ ക്ഷണിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 450-ലേറെ വിദ്യാർത്ഥികളാണ് വി.സി അടക്കമുള്ള അധികൃതർക്ക് നിവേദനം നൽകിയത്. ബി.സി.ഐയുടെ വിലക്കിനെതിരെ രാജ്യവ്യാപകമായി കടുത്ത വിമർശനം ഉയർന്നിരുന്നു.
അതേസമയം, ചീഫ് ജസ്റ്റിസ് എന്ന ഭരണഘടനാപരമായ പദവിക്കെതിരെയല്ല തങ്ങളുടെ പ്രതിഷേധമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു. അടുത്തകാലത്തെ ചില കോടതി നടപടികളും പരാമർശങ്ങളും ഒരു നിയമ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന ആശങ്ക മാത്രമാണ് തങ്ങൾ പങ്കുവെച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഭരണഘടനാ അവകാശങ്ങളും നീതിയുമാണ് നൽസർ പോലുള്ള സ്ഥാപനങ്ങൾ പ്രതിനിധീകരിക്കേണ്ടതെന്നും വിദ്യാർത്ഥികൾ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെക്കുറിച്ച് നൽസർ വൈസ് ചാൻസലറോട് ബി.സി.ഐ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.



