ന്യൂഡൽഹി: കമ്പനികൾക്ക് കീഴിലുള്ള മുഴുവൻ പൈലറ്റുമാർക്കും നിർബന്ധിത ലഹരിമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും. ഫൂക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന വിമാനം പറക്കലിനിടെ 300 അടിയോളം പെട്ടെന്ന് താഴേക്ക് പതിച്ച പശ്ചാത്തലത്തിലാണ് ഈ കർശന തീരുമാനം. എയർ ഇന്ത്യ ജീവനക്കാർക്ക് നൽകിയ നിർദേശപ്രകാരം വ്യാഴാഴ്ച മുതൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. രണ്ട് എയർലൈനുകളിലുമായി അയ്യായിരത്തിലധികം പൈലറ്റുമാരാണ് സേവനമനുഷ്ഠിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ നിലവിലെ നിയമപ്രകാരം പ്രതിവർഷം 10 ശതമാനം ക്രൂ അംഗങ്ങൾക്ക് മാത്രമാണ് ലഹരിപരിശോധന നിർബന്ധമുള്ളത്. എന്നാൽ ഇത് മറികടന്നാണ് കമ്പനി മുഴുവൻ പൈലറ്റുമാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ഡി.ജി.സി.എ നിയമപ്രകാരം ലഹരിപരിശോധനയിൽ പോസിറ്റീവായാൽ പൈലറ്റുമാരെ ലഹരിമുക്ത ചികിത്സയ്ക്ക് വിധേയരാക്കും. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ മൂന്ന് വർഷത്തേക്ക് ലൈസൻസ് റദ്ദാക്കുകയും, തുടർന്നും ആവർത്തിച്ചാൽ ലൈസൻസ് പൂർണ്ണമായും റദ്ദാക്കുകയും ചെയ്യും. ഓഗസ്റ്റ് 4-ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എ.ഐ 2379 എയർബസ് എ320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ പൈലറ്റ് ഇൻ കമാൻഡർ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
അതേസമയം, യാത്രയ്ക്കിടെ കോക്പിറ്റിനുള്ളിൽ 35 മിനിറ്റോളം ഉറങ്ങിയതായി ക്യാപ്റ്റൻ മൊഴി നൽകിയിട്ടുണ്ട്. ഉറക്കമില്ലായ്മയ്ക്ക് ഡോക്ടർ നിർദേശിച്ച മരുന്ന് കഴിച്ചിരുന്നുവെന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പൈലറ്റിന്റെ വിശദീകരണം. എന്നാൽ പൈലറ്റിന്റെ ലഹരി ഉപയോഗം മാത്രമല്ല വിമാനം അപകടാവസ്ഥയിലാകാൻ കാരണമെന്നും, മിനിറ്റുകൾക്കുള്ളിൽ 11 സാങ്കേതിക തകരാറുകൾ വിമാനത്തിന് സംഭവിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.ഫൂക്കറ്റ് വിമാന അപകടഭീഷണി: അയ്യായിരത്തിലധികം പൈലറ്റുമാർക്ക് ലഹരിപരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ



