സവർക്കർ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: ഹിന്ദുത്വ ആചാര്യൻ വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീം കോടതി റദ്ദാക്കി. രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ ആവശ്യമായ നിയമപരമായ അനുമതി നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക നടപടി.

സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരിൽ നിന്ന് പെൻഷൻ പറ്റിയിരുന്നുവെന്നുമുള്ള രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിലെ പ്രസ്താവനയ്ക്കെതിരെ അഡ്വക്കേറ്റ് നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് ലഖ്‌നൗ എ.സി.ജെ.എം കോടതി രാഹുലിന് സമൻസ് അയച്ചത്. ഐ.പി.സി 153-എ (വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 എന്നീ വകുപ്പുകൾ പ്രകാരം വിചാരണ നേരിടാൻ ഉത്തരവിട്ട മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ രാഹുൽ അലഹബാദ് ഹൈകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയിൽ ഹരജി നൽകിയത്. രാഹുലിനായി സീനിയർ അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഘ്‌വി ഹാജരായി.

കേസ് പരിഗണണിക്കവേ, സി.ആർ.പി.സി സെക്ഷൻ 196 പ്രകാരം ഐ.പി.സി 153-എ പ്രകാരം കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അത്തരമൊരു അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് സമ്മതിച്ചു. തുടർന്ന്, അനുമതിയില്ലാതെ കേസ് ഫയലിൽ സ്വീകരിക്കാൻ കഴിയില്ലെന്നും, പ്രോസിക്യൂഷൻ അനുമതിയുടെ അഭാവത്തിൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവുകളും പരാതിയും പൂർണ്ണമായും റദ്ദാക്കുകയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കേസ് നടപടികൾ സ്റ്റേ ചെയ്തപ്പോൾ രാഹുലിന്റെ പരാമർശങ്ങളെ വിമർശിക്കുകയും ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിച്ചാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും, നിലവിൽ കേസ് പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles