യേശുവിന്റെ മണ്ണിൽ വിറങ്ങലിച്ച് ജീവനുകൾ: തയ്ബയിൽ ഇസ്രായേലി കടന്നുകയറ്റം ശക്തമാകുന്നു

ഗസ: വെസ്റ്റ് ബാങ്കിൽ പൂർണ്ണമായും ക്രിസ്ത്യൻ ജനസംഖ്യയുള്ള ഏക ഫലസ്തീൻ ഗ്രാമമായ തയ്ബയിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ കടന്നുകയറ്റവും അതിക്രമങ്ങളും രൂക്ഷമാകുന്നു. വർഷങ്ങളായി തുടരുന്ന രാത്രികാല സൈനിക റെയ്ഡുകൾക്കും ആക്രമണങ്ങൾക്കും പുറമെ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലി കുടിയേറ്റക്കാർ പ്രദേശത്തെ ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമിയും തൊഴിലിടങ്ങളും വ്യാപകമായി കയ്യേറുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്യുകയാണ്. തോക്കുചൂണ്ടി തൊഴിലാളികളെ ഓടിക്കുകയും ക്വാറികളും ഭാരമേറിയ യന്ത്രസാമഗ്രികളും തകർക്കുകയും ചെയ്തതിനെ തുടർന്ന് പ്രമുഖ വ്യവസായിയായ റോളണ്ട് ബസീർ തന്റെ കോൺക്രീറ്റ് ബ്ലോക്ക് ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായി നിർത്താൻ നിർബന്ധിതനായി. പോലീസിലും ലെയ്സൺ ഓഫീസിലും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഗ്രാമവാസികൾ പരിഭവപ്പെടുന്നു.

തയ്ബയെ ചുറ്റിപ്പറ്റി നിലവിലുള്ള ഏഴ് കുടിയേറ്റ ഔട്ട്പോസ്റ്റുകളിൽ ഭൂരിഭാഗവും തയ്ബയുടെ സ്വന്തം മുനിസിപ്പൽ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മേയർ സുലൈമാൻ ഖൂരിയ വ്യക്തമാക്കുന്നു. കർഷകരുടെയും ഇടയന്മാരുടെയും ഭൂമി കയ്യേറുന്ന കുടിയേറ്റക്കാർ കൃഷിയിടങ്ങൾക്ക് തീയിടുകയും, ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സായ ‘ഐൻ സാമിയ’ നീരുറവ പൂർണ്ണമായും അധീനതയിലാക്കുകയും ചെയ്തിട്ടുണ്ട്. മേയറുടെ സ്വന്തം മുന്തിരിത്തോട്ടവും കിണറും അടക്കം കുടിയേറ്റക്കാർ പിടിച്ചെടുത്തു. ആഗസ്റ്റ് 9-ന് ഇസ്രായേൽ സൈന്യം തയ്ബയെയും തൊട്ടടുത്തുള്ള റമ്മുൻ ഗ്രാമത്തെയും അടച്ചുപൂട്ടിയ സൈനിക മേഖലയായി പ്രഖ്യാപിച്ചെങ്കിലും, അക്രമികളായ കുടിയേറ്റക്കാരെ തടയാൻ ഇതുകൊണ്ട് സാധിച്ചിട്ടില്ലെന്നും സമാധാന പ്രവർത്തകരെ തടയാനാണ് സൈന്യം ഇത് ഉപയോഗിക്കുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

കുടിയേറ്റക്കാരുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ക്രിസ്ത്യൻ ജനസംഖ്യ ആകെ ജനസംഖ്യയുടെ ഒരു ശതമാനമായി (ഏകദേശം 40,000 പേർ) ചുരുങ്ങിയിരിക്കുകയാണ്. തയ്ബയിൽ നിന്ന് മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 15 കുടുംബങ്ങളാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയത്. എങ്കിലും, യേശുക്രിസ്തു കാലുകുത്തിയ തങ്ങളുടെ സ്വന്തം മണ്ണ് വിട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് ബാക്കിയുള്ള ഗ്രാമവാസികൾ.

 

 

Related Articles

- Advertisement -spot_img

Latest Articles