വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം: ജാർഖണ്ഡിൽ വിവാദ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ റദ്ദാക്കി; അന്വേഷണത്തിന് സി.ഐ.ഡി

റാഞ്ചി: റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ വ്യാപക ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തിവന്ന ശക്തമായ പ്രക്ഷോഭത്തിന് ഒടുവിൽ വിജയം. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ച ഹേമന്ത് സോറൻ സർക്കാർ, വിവാദത്തിലായ മുഴുവൻ പരീക്ഷകളും റദ്ദാക്കാൻ തീരുമാനിച്ചു. ക്യാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഈ നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. സർക്കാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമരപ്പന്തലിൽ വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തി.

ലഖ്‌നൗ ആസ്ഥാനമായ ടി.ഡി.പി.എൽ  കമ്പനി നടത്തിയ ജെ.എസ്.എസ്.സി – സി.ജി.എൽ, ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയത്. ഇതിനോടകം പ്രസിദ്ധീകരിച്ച ഫലങ്ങളും ഇതിലൂടെ നടന്ന നിയമനങ്ങളും അസാധുവാക്കിയിട്ടുണ്ട്. കൂടാതെ, 2014 മുതൽ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ നടന്ന മുഴുവൻ ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കാൻ പ്രത്യേക സി.ഐ.ഡി സംഘത്തെ ചുമതലപ്പെടുത്തി. ഭാവിയിലെ പരീക്ഷകൾ കൂടുതൽ സുതാര്യമാക്കുന്നതിനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശലിന്റെ നേതൃത്വത്തിൽ പുതിയ പരീക്ഷാ പരിഷ്കരണ സമിതിയും രൂപീകരിച്ചു. അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും പല കാര്യങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് പ്രക്ഷോഭത്തിന്റെ പ്രധാന മുഖമായിരുന്ന ദേവേന്ദ്ര മാഹ്തോ നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാൽ സമരം പൂർണ്ണമായി അവസാനിപ്പിക്കുന്നതിൽ വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ചെങ്കിലും വിഷയത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളുടെ ഒരു വിഭാഗം.

 

Related Articles

- Advertisement -spot_img

Latest Articles