ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് ഔദ്യോഗിക വാഹനത്തിലല്ലാതെ കസ്റ്റഡിയിലെടുത്തു; കടുത്ത ആശങ്കയെന്ന് സംഘടന

ന്യൂഡൽഹി: ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത് ഔദ്യോഗിക നമ്പർ പ്ലേറ്റോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്വകാര്യ വാഹനത്തിലാണെന്ന് ആരോപണം. വനിതാ പോലീസുകാർ പോലും കൂടെയില്ലാതെയാണ് നേഹ ബോറയെ പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയതെന്നും, കസ്റ്റഡിയിലെടുത്ത ശേഷം അവരെ എവിടേക്കാണ് മാറ്റിയതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഐസ ഭാരവാഹികൾ ആരോപിച്ചു.ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്കിടയിലാണ് സംഭവം അരങ്ങേറിയത്.

ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥി നേതാവിനെ പോലീസ് ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് കസ്റ്റഡിയിലെടുത്ത നടപടി തികച്ചും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഐസ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. വനിതാ നേതാക്കളെ രാത്രി സമയത്തോ വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെയോ കസ്റ്റഡിയിലെടുക്കാൻ പാടില്ലെന്ന സുപ്രീംകോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് ഡൽഹി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.

നേഹ ബോറയെ തടങ്കലിൽ വെച്ചിരിക്കുന്ന സ്ഥലം എത്രയും വേഗം വെളിപ്പെടുത്തണമെന്നും, അവരെ ഉടനടി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലെ വിദ്യാർത്ഥി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായിട്ടാണ് കസ്റ്റഡി നടപടിയെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നുമാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം.

Related Articles

- Advertisement -spot_img

Latest Articles